ജൂണിൽ കാർ വിൽപന 25 ശതമാനം ഇടിഞ്ഞു, ഇടിവ് തുടർച്ചയായ പന്ത്രണ്ടാമത്തെ മാസം

വാഹനങ്ങളുടെ വിൽപന ജൂൺ മാസത്തിലും വൻ തോതിൽ ഇടിഞ്ഞു. തുടർച്ചയായ പന്ത്രണ്ടാമത്തെ മാസമാണ് വിൽപന താഴോട്ട് പോകുന്നത്. ജൂണിൽ കാറുകളുടെ വിൽപന 24.97 ശതമാനം കുറഞ്ഞതായി സൊസൈറ്റി ഫോർ ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്റ്ററേഴ്‌സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം 139,628 കാറുകളാണ് വിറ്റത് . 2018 ജൂണിൽ ഇത് 183,885 ആയിരുന്നു.
ടൂ വീലറുകളുടെ വിൽപന 11.69 ശതമാനം കുറഞ്ഞു. 16,49,477 ടൂ വീലറുകളാണ് ജൂണിൽ വിൽപന നടന്നത്. കഴിഞ്ഞ വർഷം ജൂണിൽ ഇത് 18,67,884 എണ്ണമായിരുന്നു. മോട്ടോർ സൈക്കിളുകളുടെ മാത്രം വിൽപന നോക്കുമ്പോൾ 9 .57 ശതമാനമാണ് വിൽപന കുറഞ്ഞിരിക്കുന്നത്.

80,670 യൂണിറ്റിൽ നിന്ന് കൊമേർഷ്യൽ വാഹനങ്ങളുടെ വിൽപന 70,771 ആയി കുറഞ്ഞു. 12.27 ശതമാനം ഇടിവ്. എല്ലാത്തരത്തിലും പെട്ട വാഹനങ്ങളുടെ വിൽപന കുറഞ്ഞിട്ടുണ്ട്. മൊത്തം വാഹനങ്ങളുടെ കണക്കെടുക്കുമ്പോൾ വിൽപന 12 .34 ശതമാനം കുറഞ്ഞു. 22,79,186 യൂണിറ്റിൽ നിന്ന് മൊത്തം വിൽപന 19,97,952 ആയി കുറഞ്ഞു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവ് പരിശോധിക്കുമ്പോൾ മൊത്തം വാഹന വിൽപന 12.35 ശതമാനമാണ് കുറഞ്ഞത്.