വെൽനെസ്സ് ഇൻഡക്സിൽ ഒന്നാം സ്ഥാനത്ത് കാനഡ, ദക്ഷിണാഫ്രിക്ക ഏറ്റവും പിന്നിൽ

ജീവിത നിലവാരത്തിന്റെയും മികച്ച ഭൗതിക സാഹചര്യങ്ങളുടെയും സൂചികയിൽ [വെൽനെസ്സ് ഇൻഡക്സ്] ലോകത്ത് ഒന്നാം സ്ഥാനം കാനഡക്ക്. 151 രാജ്യങ്ങളെ കുറിച്ചുള്ള പഠനത്തിന് ശേഷം ‘ലെറ്റർ വൺ’ എന്ന സ്ഥാപനം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ അമേരിക്കക്ക് മുപ്പത്തിയേഴാം സ്ഥാനം മാത്രം.
ഏറ്റവും പിന്നിൽ സൗത്ത് ആഫ്രിക്കയാണ്. സൗത്ത് ആഫ്രിക്കയോടൊപ്പം പിൻബെഞ്ചിൽ സ്ഥാനം പിടിച്ചിരിക്കുന്നത് യുക്രയ്ൻ, ഈജിപ്ത്, ഇറാക്ക് എന്നീ രാജ്യങ്ങളാണ്.

ജനങ്ങളുടെ മാനസിക ആരോഗ്യം, ഡിപ്രെഷൻ, മദ്യത്തോടുള്ള ആസക്തി,പുകവലി, കായികാരോഗ്യം, മൊത്തത്തിലുള്ള സന്തോഷം തുടങ്ങിയ നിരവധി ഘടകങ്ങൾ വിലയിരുത്തിയാണ് വെൽനസ്സ് ഇൻഡക്സ് രൂപീകരിക്കുന്നത്. ആരോഗ്യം, ആയുർദൈർഘ്യം, ആരോഗ്യ മേഖലയിലെ സർക്കാർ നിക്ഷേപം , ബ്ലഡ് പ്രെഷർ, ഷുഗർ തുടങ്ങിയ ഇൻഡക്സുകളിൽ കാനഡയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ആദ്യത്തെ പത്തു രാജ്യങ്ങളുടെ കൂട്ടത്തിൽ ഏഷ്യയിൽ നിന്ന് ഫിലിപ്പീൻസ്, സൗത്ത് കൊറിയ, മാലി ദ്വീപ്, ഒമാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ ഇടം കണ്ടെത്തി. പതിനഞ്ചാം സ്ഥാനമാണ് ബ്രിട്ടന്. ജപ്പാൻ, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾക്ക് ആദ്യ ഇരുപത്തിയഞ്ചിൽ സ്ഥാനം ലഭിച്ചില്ല. ജനങ്ങളുടെ അമിത വണ്ണമാണ് അമേരിക്ക , ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ പിന്നോക്കം പോകാനുള്ള കാരണം.