ബില്യണയർ ക്ലബിൽ ഇടം നേടിയ ആ മലയാളി ആരാണ് ?

നൂറു കോടി ഡോളറിന്റെ [ ഏകദേശം 7000 കോടി രൂപ] സ്വത്തുക്കളുള്ള ഇന്ത്യക്കാരുടെ പട്ടികയിൽ ലേറ്റസ്റ്റായി സ്ഥാനം പിടിച്ചിരിക്കുന്നത് ഒരു മലയാളിയാണ്. ബൈജു രവീന്ദ്രൻ എന്നാണ് ആ മലയാളിയുടെ പേര്. അങ്ങനെ പറഞ്ഞാൽ ഒരു പക്ഷെ അത്ര പിടുത്തം വരില്ല. ബൈജൂസ്‌ ആപ്പ് എന്ന് പറയുമ്പോൾ ആളെ വ്യക്തമാകും. ബില്യണർ ക്ലബിൽ ഇടം നേടിയ അപൂർവം മലയാളികളിൽ ഒരാളായി മുപ്പത്തിയേഴുകാരനായ ബൈജു മാറിയിരിക്കുകയാണ്.

ബൈജൂസ്‌ ആപ്പിന്റെ പേരന്റ് കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഈയിടെ 570 കോടി ഡോളറിന്റെ ഫണ്ട് സമാഹരിച്ചതോടെയാണ് ബൈജു രവീന്ദ്രൻ ഈ നേട്ടത്തിന് ഉടമയായത്.

അതിനിടെ, ബൈജൂസ്‌ ആപ്പ് അമേരിക്കയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. ഇതിനായി ലോക പ്രശസ്തമായ വാൾട്ട് ഡിസ്‌നി കോർപ്പറേഷനുമായി കരാറിലെത്തി. 2020- ൽ അമേരിക്കയിൽ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി.
2020- ആകുമ്പോൾ ഇന്ത്യയിലെ ഓൺ ലൈൻ ലേണിംഗ് ബിസിനസ് 570 കോടി ഡോളറായി ഉയരുമെന്ന് ബൈജു രവീന്ദ്രൻ പറഞ്ഞു. 2020 ൽ കമ്പനിയുടെ വിറ്റുവരവ് 3000 കോടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. കേവലം എട്ടു വർഷം മുമ്പ് 2011- ലാണ് ബൈജൂ ഇ ഓൺലൈൻ ട്യൂഷൻ എന്ന ആശയവുമായി രംഗത്തെത്തുന്നത്. 2015- ൽ കമ്പനിയുടെ പ്രധാന ആപ്പ് അവതരിപ്പിച്ചു. ഈ വർഷം മാർച്ചിൽ കമ്പനി വൻ ലാഭത്തിലായി.