ബർബൺ വിസ്കി മുതൽ ഫ്രോസൺ ചിക്കൻ വരെ; യു.എസ് ചരക്കുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ ഒരുങ്ങി ഇന്ത്യ

 

തിരഞ്ഞെടുത്ത യുഎസ് ചരക്കുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനായി ഒക്ടോബർ 21 ന് സർക്കാർ ഒരു മന്ത്രിസഭാ യോഗം ചേരുമെന്ന് റിപ്പോർട്ട്. യു.എസ് ചരക്കുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള യോഗം അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ നടപടിയുടെ ഭാഗമാണെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു.

ഇറക്കുമതി തീരുവ കുറച്ചാൽ യു‌.എസിൽ നിന്നുള്ള ബർബൺ വിസ്കി മുതൽ ഫ്രീസു ചെയ്ത ചിക്കൻ വരെയുള്ള വസ്തുക്കൾക്ക് ഇന്ത്യയിൽ വില കുറഞ്ഞേക്കാം. ഇറക്കുമതി തീരുവ കുറയ്ക്കുന്നതിന് സർക്കാർ അന്തിമരൂപം നൽകുന്ന അമേരിക്കൻ ഭക്ഷ്യ പാനീയ ഉൽ‌പന്നങ്ങളുടെ കൂട്ടത്തിൽ വാൽനട്ട്, ആപ്പിൾ, അൺ-ഡിനേച്ചർഡ് എത്തനോൾ, മിൽക്ക് ആൽബുമിൻ എന്നിവ ഉൾപ്പെടുന്നു. ഇത്തരം വസ്തുക്കളുടെ പട്ടിക ബന്ധപ്പെട്ട വകുപ്പുകളിലേക്ക് വിതരണം ചെയ്തു, ഒക്ടോബർ 21- ന് നടക്കുന്ന സെക്രട്ടറി തലത്തിലുള്ള അന്തർ മന്ത്രാലയ യോഗത്തിൽ ഇത് ചർച്ച ചെയ്യും.

ബർബൺ വിസ്കിയുടെ ഇറക്കുമതി തീരുവ 150 ശതമാനത്തിൽ നിന്ന് 30 ശതമാനമായും ഫ്രീസുചെയ്ത ചിക്കന്റേത് 100 ശതമാനത്തിൽ നിന്ന് 30 ശതമാനമായും കുറയ്ക്കുന്നത് യോഗത്തിൽ ചർച്ചയാവും. കൂടാതെ, വാൽനട്ടിന്റെ തീരുവ 100 ശതമാനത്തിൽ നിന്നും 10 ശതമാനം വരെയും ആപ്പിളിന്റേത് 50 ശതമാനത്തിൽ നിന്നും 10 ശതമാനം വരെയും കുറയ്ക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യും എന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യയിൽ ബർബൺ വിസ്കിയുടെ ഇറക്കുമതിയിൽ വലിയ വർധനയുണ്ടായിട്ടുണ്ട്, അമേരിക്കയാണ് പ്രധാന കയറ്റുമതിക്കാർ. എന്നിരുന്നാലും, നടപ്പു സാമ്പത്തിക വർഷത്തിൽ യു.കെ ഒന്നാം സ്ഥാനത്തെത്തി. വാണിജ്യ വകുപ്പ് തയ്യാറാക്കിയ കണക്കുകൾ പ്രകാരം 2018-19ൽ ഇന്ത്യ 2.28 ലക്ഷം ലിറ്റർ ബർബൺ വിസ്കി ഇറക്കുമതി ചെയ്തു – യുഎസിൽ നിന്ന് 1.95 ലക്ഷം ലിറ്റർ, യു.കെയിൽ നിന്ന് 250 ലിറ്റർ മാത്രം. എന്നാൽ, നടപ്പ് സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം 3.80 ലക്ഷം ലിറ്റർ ഇറക്കുമതി ചെയ്തു – യുഎസിൽ നിന്ന് 1.29 ലക്ഷം ലിറ്ററും യുകെയിൽ നിന്ന് 1.48 ലക്ഷം ലിറ്ററും.