നോട്ടുകൾ ഇടയ്ക്കിടെ മാറ്റുന്നതിന്റെ കാരണം പറയണം, വർഷങ്ങളായി ഡോളറിന് മാറ്റമില്ല, ഇവിടെ മാത്രം ഇടയ്ക്കിടെ നോട്ട് മാറ്റുന്നത് എന്തിന് ? -റിസർവ് ബാങ്കിനോട് ബോംബെ ഹൈക്കോടതി

രാജ്യത്ത് വ്യാജകറന്‍സിയുണ്ടെന്ന വാദം തെറ്റാണെന്ന് നോട്ട്‌നിരോധനത്തിലൂടെ വ്യക്തമായതായി ബോംബെ ഹൈക്കോടതി. കാഴ്ചശക്തിയില്ലാത്തവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന കറന്‍സികള്‍ ഇറക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹരജിയിലാണ് കോടതിയുടെ പരാമര്‍ശം.

കറന്‍സികളുടെ വലിപ്പവും പ്രത്യേകതകളും ഇടക്കിടെ മാറ്റുന്നത് എന്തിനാണെന്നും കോടതി റിസര്‍വ് ബാങ്കിനോട് ചോദിച്ചു.

‘വ്യാജ കറന്‍സിയാണ് കാരണമെന്നാണ് നിങ്ങള്‍ സര്‍ക്കാര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. പക്ഷെ ഇക്കാര്യത്തില്‍ സംശയമുണ്ട്. പാക്കിസ്ഥാനിൽ അച്ചടിച്ച 10,000 കോടി പ്രചാരത്തിലുണ്ടെന്ന വാദം കെട്ടുകഥയായിരുന്നുവെന്ന് നോട്ടുനിരോധനത്തിലൂടെ വ്യക്തമായതാണ്’ –  ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്,  ജസ്റ്റിസ് എന്‍.എം ജംദാര്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

നോട്ടുകളുടെ വലിപ്പവും മാതൃകയും ഇടയ്ക്കിടെ മാറ്റുന്നതിന്റെ കാരണങ്ങള്‍ രണ്ടാഴ്ച്ചക്കകം കോടതിയെ അറിയിക്കണമെന്നും ബെഞ്ച് റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു.

ലോകത്ത് എല്ലായിടത്തം കറന്‍സി നോട്ടുകള്‍ക്ക് ഒരേ പോലെയാണെന്ന് കോടതി പറഞ്ഞു. ‘ഡോളര്‍ ഇപ്പോഴും പഴയത് പോലെ തുടരുകയാണ്. പക്ഷെ നിങ്ങള്‍ ഇടക്കിടെ മാറ്റിക്കൊണ്ടിരിക്കുകയാണ്.’ കോടതി പറഞ്ഞു.

നോട്ടുനിരോധനത്തിന് ശേഷം രാജ്യത്ത് പുതിയ 10,20,50,100,200,500, 2000 രൂപ നോട്ടുകള്‍ ഇറക്കിയിരുന്നു.