ബോയിംഗ് കമ്പനി വൻ പ്രതിസന്ധിയിൽ, പുതിയ വിമാനങ്ങൾക്കുള്ള 4 .2 ലക്ഷം കോടി രൂപയുടെ ഓർഡർ റദ്ദാകാൻ സാധ്യത

ലോകത്തെ വിവിധ രാജ്യങ്ങൾ ബോയിംഗ് 737 മാക്സ് വിമാനങ്ങൾ പറപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ അമേരിക്കയിലെ ബോയിംഗ് വിമാന കമ്പനി വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. സർവീസിലുള്ള വിമാനങ്ങൾ നിലത്തിറക്കുന്നതിന് പുറമെ,  ഏവിയേഷൻ കമ്പനികൾ പുതിയ വിമാനങ്ങൾക്കുള്ള ഓർഡറുകൾ റദ്ദാക്കാൻ ഒരുങ്ങുന്നതാണ് പ്രതിസന്ധി മൂർച്ഛിപ്പിക്കുന്നത്. 60,000 കോടി ഡോളറിന്റെ [420,000 കോടി രൂപ] ഓർഡറുകൾ റദ്ദാക്കാൻ സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ. ബോയിംഗ് 737 മാക്സ് വിമാനങ്ങൾ തുടർച്ചയായി അപകടത്തിൽ പെടുന്നതാണ് ഇതിനു കാരണം. ഏറ്റവും ഒടുവിൽ മാർച്ച് പത്തിന് എത്യോപ്യൻ എയർലൈൻസ് വിമാനം തകർന്നതോടെയാണ് ഈ വിമാനങ്ങളുടെ നിർമ്മാണത്തിൽ അപാകത ഉണ്ടോ എന്ന സംശയം ബലപ്പെടാൻ കാരണം. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇൻഡോനേഷ്യൻ വിമാനം തകർന്ന് വീണ് 189 പേർ മരിച്ചിരുന്നു.

Read more

റഷ്യയുടെ ഉറ്റയർ ഏവിയേഷൻ ഓർഡറുകൾ തത്കാലം മരവിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കെനിയ എയർവേയ്‌സ്,  ബോയിങ്ങിന്റെ പ്രധാന എതിരാളിയായ എയർബസിന് പുതിയ ഓർഡർ നല്കാൻ ഒരുങ്ങുകയാണ്. 2500 കോടി ഡോളറിന്റെ ഓർഡർ നൽകിയ വിയെറ്റ് ഏവിയേഷൻ ഇപ്പോൾ പുനരാലോചനയിലാണ്. ഇന്തോനേഷ്യയുടെ ലയൺ എയർ 2200 കോടി ഡോളറിന്റെ ഓർഡർ ക്യാൻസൽ ചെയ്തു കഴിഞ്ഞു. സൗദി എയർലൈൻസും സമാനപാതയിലാണ്. 590 കോടി ഡോളറിന്റെ ഓർഡർ ഇവർ ബോയിങ്ങിന് നൽകിയിരുന്നു. എയർ ബസിന് പകരമായാണ് ഇവർ ബോയിങ്ങിനെ തിരഞ്ഞെടുത്തത്. എത്യോപ്യൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ കമ്പനിയും പുനർവിചിന്തനത്തിലാണ്.
ഏവിയേഷൻ മേഖലയിൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ള വിമാനമാണ് ബോയിംഗ് 737 . ഇതിന്റെ ഏറ്റവും പുതിയ പതിപ്പായ മാക്സിന് നല്ല ഡിമാന്റുണ്ട്. നിലവിൽ 5000 വിമാനങ്ങൾക്ക് ഓർഡറുണ്ട്. 420,000 കോടി രൂപയാണ് ഇതിന്റെ മൂല്യം. പുതിയ പ്രതിസന്ധിയോടെ ഈ ഓർഡറുകളിൽ മിക്കതും റദ്ദാക്കാൻ സാധ്യതയുണ്ട്.
എത്യോപ്യയിലെ അപകടത്തെ തുടർന്ന് ഇന്ത്യ, ബ്രസീൽ, ചൈന, അമേരിക്ക, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ബോയിംഗ് 737 മാക്സ് വിമാനങ്ങൾ പിൻവലിച്ചു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബോയിങ്ങിന്റെ ഓഹരി മൂല്യം ഈയാഴ്ച 11 ശതമാനം ഇടിഞ്ഞു.  ലോകത്തെ രണ്ടു പ്രമുഖ വിമാന നിർമ്മാണ കമ്പനികളാണ് ബോയിങ്ങും എയർബസും.