ഇന്ത്യയിലും ബ്ലാക്ക് ഫ്രൈഡേ വിൽപ്പന; വമ്പിച്ച ഓഫറുകളുമായി ആമസോണ്‍ ഉള്‍പ്പെടെ എട്ട് ഇ- കോമേഴ്‌സ് സ്ഥാപനങ്ങള്‍, 90 ശതമാനം വരെ ഡിസ്‌ക്കൗണ്ട്

അമേരിക്ക, ബ്രിട്ടന്‍ പോലുളള പാശ്ചാത്യ രാജ്യങ്ങളില്‍ കണ്ടുവരാറുള്ള ബ്ലാക്ക് ഫ്രൈഡേ വില്‍പ്പന ഇന്ത്യയിലും. ആമസോണ്‍, മിന്ത്ര ഉള്‍പ്പെടെ എട്ട് ഇ- കോമേഴ്‌സ് വെബ്‌സൈറ്റുകള്‍ ബ്ലാക്ക് ഫ്രൈഡേയായ ഇന്ന് വമ്പിച്ച ഡിസ്‌ക്കൗണ്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വസ്‌ത്രോല്‍പ്പനങ്ങള്‍, ഇലക്ട്രോണിക്‌സ് ഉല്‍പ്പനങ്ങള്‍ തുടങ്ങി വിവിധയിനം ഉല്‍പ്പനങ്ങള്‍ക്കാണ് ഓഫറുകള്‍ നല്‍കുന്നത്.

പാശ്ചാത്യ രാജ്യങ്ങളിൽ ആഘോഷിച്ചു വരാറുള്ള താങ്ക്‌സ് ഗിവിംഗ് ഡേയ്ക്ക് ശേഷം വരുന്ന വെള്ളിയാഴ്ചയാണ് ബ്ലാക്ക് ഫ്രൈഡേ ആയി കരുതുന്നത്. അമേരിക്കൻ ഐക്യനാടുകളിൽ ക്രിസ്തുമസ് ആഘോഷവുമായി ബന്ധപ്പെട്ട ഷോപ്പിംഗ് സീസണ് ആരംഭം കുറിക്കുന്ന ദിനമാണിത്. അതുകൊണ്ട് തന്നെ പാശ്ചാത്യരാജ്യങ്ങളില്‍ കച്ചവടക്കാരുടെ മത്സരം പരിധി വിട്ട് ട്രാഫിക് അപകടങ്ങള്‍ക്കും മറ്റും കാരണമാകാറുണ്ട്. അങ്ങനെയാണ് ഈ ദിനത്തിന് ബ്ലാക്ക് ഫ്രൈഡേ അഥവാ കറുത്ത വെള്ളിയാഴ്ച്ച എന്ന പേര് വന്നത്.

Read more

ബ്ലാക്ക് ഫ്രൈഡേയ്ക്ക് പിന്നാലെ വരുന്ന സൈബര്‍ മണ്‍ഡേയും വ്യാപാരികള്‍ക്ക് ലാഭം ഉണ്ടാക്കുന്ന ദിനമാണ്. രാജ്യാന്തര ബ്രാന്‍ഡുകള്‍ക്ക് ഈ ദിനങ്ങളില്‍ 60 ശതമാനം ഡിസ്‌ക്കൗണ്ടാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളായ സോജോസ്, ട്രിബിറ്റ്, എക്കോവാക്‌സ് തുടങ്ങി രാജ്യാന്തര ബ്രാന്‍ഡുകളാണ് ആമസോണ്‍ ഈ ദിനങ്ങളില്‍ വിൽപ്പനക്ക് വെയ്ക്കുന്നത്. ഇലക്ട്രോണിക്‌സ്, ചെരുപ്പുകള്‍, വസ്‌ത്രോല്‍പ്പനങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം വിലക്കിഴിവുണ്ട്. ഷീഇന്‍ ഡോട്ട് ഇന്‍ 90 ശതമാനം ഡിസ്‌ക്കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിക്കാ, മിന്ത്ര, ലുലു ആന്റ് സ്‌കൈ തുടങ്ങിയ പ്രമുഖ വെബ്‌സൈറ്റുകളും വമ്പൻ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.