ഒക്ടോബർ 22-ന് ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്

ഒക്ടോബർ 22-ന് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാർ പണിമുടക്കും. പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് ബാങ്കുകളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്കുന്നത്. ബാങ്കിംഗ് മേഖലയിലെ ഉദാരവത്കരണ നടപടികൾ ഉപേക്ഷിക്കുക, കിട്ടാക്കടം കർശനമായി പിരിച്ചെടുക്കുക, ഉപഭോക്താക്കളെ പിഴിയുന്ന ചാർജ് വര്‍ദ്ധനകൾ പിൻവലിക്കുക, ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ജീവനക്കാരുടെ രണ്ടു സംഘടനകൾ ഉന്നയിക്കുന്നുണ്ട്. ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്.