മാർച്ചിൽ മൂന്ന് ദിവസം ബാങ്ക് സമരം, അഞ്ച് ദിവസം പ്രവർത്തനം മുടങ്ങും

ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി മൂന്ന് ദിവസം പണിമുടക്കും. മാർച്ച് 11 ,12 , 13 തിയതികളിലാണ് പണിമുടക്കുകയെന്ന് ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഇതുമൂലം തുടർച്ചയായി അഞ്ചു ദിവസം ബാങ്കിംഗ് മേഖല സ്തംഭിക്കും. കാരണം മാർച്ച് 14 രണ്ടാം ശനിയാഴ്ചയും 15 ഞായറാഴ്ചയുമാണ്. നേരത്തെ ജനുവരി 31 , ഫെബ്രുവരി ഒന്ന് എന്നീ ദിവസങ്ങളിൽ ബാങ്ക് ജീവനക്കാർ പണിമുടക്ക് നടത്തിയിരുന്നു. ഇതിന് പുറമെ ജനുവരി എട്ടിന് നടന്ന ഭാരത് ബന്ദിനും ജീവനക്കാർ ജോലിയിൽ നിന്ന് വിട്ടു നിന്നു .

തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താനും ബാങ്ക് ജീവനക്കാരുടെ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടാണ് സമരം. 2012- ലാണ് ബാങ്ക് ജീവനക്കാരുടെ വേതനം അവസാനമായി പരിഷ്കരിച്ചത്. 2017 നവംബറിൽ ഈ കരാറിന്റെ കാലാവധി തീർന്നു. എന്നാൽ നിരവധി ചർച്ചകൾ നടന്നുവെങ്കിലും പുതിയ വേതനക്കരാർ ഇനിയും ഒപ്പിട്ടില്ല. ഈ സാഹചര്യത്തിലാണ് ബാങ്ക് ജീവനക്കാർ തുടർച്ചയായി പണിമുടക്കിന് ഒരുങ്ങുന്നത്.