കേരളത്തിന്റെ മൊത്തം ബാങ്ക് നിക്ഷേപം 4.79 ലക്ഷം കോടി രൂപ, വായ്പ 3 .14 ലക്ഷം കോടി

കേരളത്തിലെ വാണിജ്യ ബാങ്കുകളിലെ മൊത്തം നിക്ഷേപം 2018 ഡിസംബർ അവസാനിക്കുമ്പോൾ 478,855 കോടി രൂപയായി ഉയര്‍ന്നു. 2018 സെപ്തംബറില്‍  മൊത്തം നിക്ഷേപം 471,150 കോടി രൂപയായിരുന്നതാണ് ഇപ്പോള്‍ 7705 കോടി രൂപയുടെ വർധന രേഖപ്പെടുത്തിയിരിക്കുന്നത്.
എൻ ആർ ഐ നിക്ഷേപം 186,376 കോടി രൂപയായി ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദമായ സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ വിദേശമലയാളികളുടെ നിക്ഷേപത്തിലുണ്ടായ വര്‍ദ്ധനവ് 4753 കോടി രൂപയാണ്.

വാണിജ്യ ബാങ്കുകളുടെ മൊത്തം വായ്പ ഡിസംബറിൽ 314,412 കോടി രൂപയാണ്. വായ്പയില്‍ 9165 കോടിയുടെ വർധനവുണ്ടായി. എന്നാല്‍ വായ്പാ-നിക്ഷേപാനുപാതത്തിലുണ്ടായ(സി.ഡി റേഷ്യോ) വര്‍ദ്ധന നാമമാത്രമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടംപാദത്തില്‍ 65 ശതമാനമായിരുന്ന വായ്പാ-നിക്ഷേപാനുപാതം മൂന്നാം പാദത്തില്‍ 65.66 ശതമാനമായി മാത്രമാണ് ഉയർന്നത്.
2013ല്‍ വാണിജ്യ ബാങ്കുകളുടെ വായ്പാ-നിക്ഷേപാനുപാതം 76.41 ശതമാനമെന്ന ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തിയിരുന്നു. എന്നാല്‍ പിന്നീടത് തുടര്‍ച്ചയായി കുറയുന്ന പ്രവണതയാണ് കണ്ടത്.