കൊറോണ വൈറസ്: 2020-ല്‍ ഇന്ത്യയിലെ വാഹന നിര്‍മ്മാണം 8.3 ശതമാനം കുറയും; വിതരണവും പ്രതിസന്ധിയിലാവും

 

ചൈനയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യയിലെ വാഹനോത്പാദനത്തില്‍ വന്‍ ഇടിവുണ്ടാകുമെന്ന് അമേരിക്കന്‍ ക്രഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് സൊലൂഷന്‍സിന്റെ റിപ്പോര്‍ട്ട്. വിതരണത്തില്‍ കുറവുണ്ടാകുന്നത് മൂലം ഇന്ത്യയിലെ വാഹന നിര്‍മ്മാണം  8.3 ശതമാനം താഴുമെന്നും അമേരിക്കന്‍ ക്രഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് സൊലൂഷന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ചൈനയില്‍ വൈറസ് ബാധയെ തുടര്‍ന്ന് വാഹന നിര്‍മ്മാണ കമ്പനികള്‍ ഉത്പാദനം നിര്‍ത്തി വെച്ചിരിക്കുകയാണ്. ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം ഉണ്ടാവാതിരിക്കാനും അണുബാധ ആളുകളിലേക്ക് പടരുന്നത് തടയുവാനുമാണിത്. വൈറസ് വ്യാപനം ഇന്ത്യയിലും ഉണ്ടാവുകയാണെങ്കില്‍ സമാനമായ പ്രതിരോധ നടപടികള്‍ ഇന്ത്യയും എടുക്കുമെന്ന് കരുതുന്നതായി ഫിച്ച് സൊലൂഷന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വലിയ തോതിലുള്ള പകര്‍ച്ചവ്യാധിയെ നേരിടാന്‍ ഇന്ത്യയുടെ ആരോഗ്യ പരിരക്ഷാ സംവിധാനം വേണ്ടത്ര സജ്ജമല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. മാത്രമല്ല ചൈനയേക്കാള്‍ അതിവേഗത്തില്‍ വൈറസ് പടര്‍ന്നു പിടിക്കാന്‍ രാജ്യത്ത് സാദ്ധ്യതയുണ്ടെന്നും ഇതുമൂലം രാജ്യത്തെ വാഹന വിപണനമേഖല കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വാഹന വിപണനമേഖലയിലെ അനുബന്ധപ്പെട്ട ഉത്പനങ്ങളുടെ ഏറ്റവും വലിയ വിതരണക്കാര്‍ ചൈനയാണ്. ഇവയുടെ വിതരണത്തില്‍ ഇടിവ് സംഭവിച്ചാല്‍ ഇന്ത്യയിലെ വാഹന നിര്‍മ്മാണത്തില്‍ കുറവ് സംഭവിക്കും. മാത്രമല്ല വാഹന നിര്‍മ്മാണം കുറയ്ക്കുവാനോ നിര്‍ത്തി വെയ്ക്കാനോ ഇത് കാരണമായേക്കാമെന്നും ഫിച്ച് സൊലൂഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവഴി ഇന്ത്യയിലെ വാഹന നിര്‍മ്മാണം നടപ്പു വര്‍ഷം 8.3 ശതമാനം ചുരുങ്ങാനിടയാകുമെന്നും ഫിച്ച് പ്രവചിക്കുന്നു. 2019-ല്‍ ഇന്ത്യയിലെ വാഹന ഉത്പാാദനം 13.2 ശതമാനം ചുരുങ്ങുമെന്നാണ് ഫിച്ച് മുമ്പ് പ്രവചിച്ചിരുന്നത്. ഇത് 2020ല്‍ വാഹനങ്ങളുടെ ആഭ്യന്തര ഡിമാന്‍ഡ് കുറയ്ക്കുവാനും വാഹന ഉത്പാദനം കുറയാനും ഇടയാക്കും.

വാഹന വിപണനമേഖലയില്‍ അനുബന്ധ ഉത്പന്നങ്ങള്‍  10-30 ശതമാനത്തോളം ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. രാജ്യം ഇലക്ട്രിക്ക് വെഹിക്കിള്‍ വിഭാഗത്തിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്ന ഈ സമയത്ത്, അനുബന്ധ ഉത്പന്നങ്ങളുടെ ഇറക്കുമതി മുമ്പത്തേതിനേക്കാളും മൂന്നു മടങ്ങോളം ഉയരും. എന്നാല്‍ കൊറോണ ഭീതി കയറ്റുമതി, ഇറക്കുമതി മേഖലയെ ബാധിക്കുന്നതിനാല്‍ മേഖലയില്‍ പ്രതിസന്ധി ഉയരാനിടയാകുമെന്നാണ് ഫിച്ച് സൊലൂഷന്‍സ് കണക്കുകൂട്ടുന്നത്.

ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ 2020 ബജറ്റില്‍ അവതരിപ്പിച്ച നയങ്ങള്‍ പ്രാദേശിക ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനത്തിന് ഊര്‍ജ്ജം പകരുമെങ്കിലും അതിനോടൊപ്പം വ്യാപാര പ്രതിസന്ധി കൂട്ടുകയും ചെയ്യുമെന്ന് ഫിച്ച് സൊലൂഷന്‍സ് വ്യക്തമാക്കുന്നു.