വാഹന വ്യവസായം റിവേഴ്‌സ് ഗിയറിൽ തന്നെ; ഒക്ടോബറിൽ പാസഞ്ചർ വാഹന വിൽപ്പനയിൽ നേരിയ വർദ്ധന

 

ആഭ്യന്തര വിപണിയിലെ മൊത്തം പാസഞ്ചർ വാഹന വിൽപ്പനയിൽ കഴിഞ്ഞ മാസം 0.28 ശതമാനം വർദ്ധനയുണ്ടായതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം). ഒക്ടോബറിൽ മൊത്തം 2,85,027 പാസഞ്ചർ വാഹനങ്ങൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2,84,223 ആയിരുന്നു, സിയാമിന്റെ റിപ്പോർട്ടിൽ പറയുന്നു. കുറഞ്ഞ ഡിമാൻഡും ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടുന്ന സാഹചര്യവും നേരിടുന്ന വാഹന വിപണിക്ക് ഉത്സവ സീസണിലെ വിൽപ്പനയിൽ ഉണ്ടായ നേരിയ പുരോഗതി ഡിമാൻഡ് പ്രതിസന്ധിയിൽ നിന്ന് ഈ മേഖലയെ പുറത്തു കടത്താൻ പര്യാപ്തമല്ല.

പാസഞ്ചർ വാഹന വിഭാഗത്തിൽ ഉത്പാദനം 21.14 ശതമാനം ഇടിഞ്ഞ് 2,69,186 യൂണിറ്റായി. കയറ്റുമതിയിൽ 2.18 ശതമാനം ഇടിവുണ്ടായതായി സിയാം കണക്കുകൾ വ്യക്തമാക്കുന്നു. മൊത്തം പാസഞ്ചർ വാഹന വിൽപ്പനയിൽ 2,85,027 യൂണിറ്റുകളിൽ 1,73,549 എണ്ണം പാസഞ്ചർ കാറുകളാണ്. 6.34 ശതമാനം ഇടിവാണ്‌ ഇതിൽ രേഖപ്പെടുത്തുന്നത്. പാസഞ്ചർ കാറുകളുടെ ഉത്പാദനം 1,62,343 ആണ്. മുൻവർഷത്തെ അപേക്ഷിച്ച് 30.22 ശതമാനം ഇടിവ്.