കൊറോണയില്‍ ആടിയുലഞ്ഞ് ഏഷ്യന്‍ വിപണികള്‍; എണ്ണവിലയും ഇടിയുന്നു

ഏഷ്യന്‍ മാര്‍ക്കറ്റുകളെ പിടിച്ചുലച്ച് കൊറോണ വൈറസ് ബാധ. ഏഷ്യന്‍ വിപണികള്‍ കനത്ത നഷ്ടമാണ് നേരിടുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയിലും ഈ നഷ്ടം പ്രകടമാണ്.

സെന്‍സെക്‌സ് 250 പോയിന്റോളം നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 80 പോയിന്റും നഷ്ടത്തിലാണ്. 711 ഓഹരികള്‍ നേട്ടത്തിലും 899 ഓഹരികള്‍ നഷ്ടത്തിലും 80 ഓഹരികള്‍ മാറ്റമില്ലാതെയും തുടരുകയാണ്. മെറ്റല്‍ ഓഹരികള്‍ ഒരു ശതമാനത്തോളം ഇടിവ് ഇന്ന് രേഖപ്പെടുത്തി. ഓട്ടോ, ബാങ്കിംഗ് ഓഹരികളും നഷ്ടത്തിലാണ്. ഫാര്‍മ മേഖലയിലെ ഓഹരികള്‍ മാത്രമാണ് അല്‍പ്പമെങ്കിലും നേട്ടം ഇന്ന് കൈവരിച്ചത്. ബി.എസ്.ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളും നഷ്ടത്തിലാണ്.

Read more

ഏറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നതോടെ എണ്ണ ആവശ്യകത കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ വലിയ ചലനമാണ് ഇതുണ്ടാക്കുന്നത്. ജനുവരി ആദ്യവാരത്തോടെ ബാരലിന് 70 ഡോളറിന് അടുത്തെത്തിയ ക്രൂഡ് വില ഇപ്പോള്‍ 53 ഡോളറിലേക്ക് താഴ്ന്നു. ആറ് ലക്ഷം ബാരലിലേക്ക് പ്രതിദിന ഉത്പാദനം കുറയ്ക്കണമെന്ന ഒപെകിന്റെ നിര്‍ദേശത്തോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.