ആപ്പിൾ ഐ ഫോൺ എക്സിന്റെ ഉത്പാദനം ഇന്ത്യയിൽ തുടങ്ങുന്നു

ആപ്പിളിന്റെ ഏറ്റവും പുതിയ, ലോക പ്രശസ്തമായ മോഡലുകളുടെ നിർമ്മാണം വൈകാതെ ഇന്ത്യയിൽ ആരംഭിക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ആപ്പിൾ ഫോൺ നിർമാതാക്കളായ ഫോക്സ്കോൺ ടെക്‌നോളജി ഗ്രൂപ്പ് ഏതാനും ആഴ്ചകൾക്കകം തന്നെ പുതിയ മോഡലുകളുടെ ട്രയൽ ഉത്പാദനം ആരംഭിയ്ക്കും.

ആപ്പിളിന്റെ ഐ ഫോൺ എക്‌സ് ഉത്പാദനം ചെന്നൈ യൂണിറ്റിൽ ട്രയൽ അടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്. ആപ്പിളിന്റെ കോൺട്രാക്ട് നിർമാതാക്കളായ തായ്‌വാനിലെ വിസ്‌ട്രോൺ ബംഗളുരുവിൽ ഐ ഫോൺ 6 , എസ് ഇ, ഐ ഫോൺ 7 എന്നീ മോഡലുകളുടെ ഉത്പാദനം തുടങ്ങിയിട്ടുണ്ട്. പ്രാദേശികമായി നിർമിക്കുന്നത് ഇന്ത്യൻ മാർക്കറ്റിൽ മോഡലുകളുടെ വില കുറയ്ക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. 20 ശതമാനം ഇറക്കുമതി തീരുവ ഒഴിവാക്കാൻ കഴിയും. ഇന്ത്യയിൽ സിംഗിൾ ബ്രാൻഡ് ഔട്ലെറ്റുകൾ തുറക്കാൻ ഇതുവഴി സാധിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

ചൈന, അമേരിക്ക തുടങ്ങിയ വിപണികളിൽ ആപ്പിളിന്റെ മാർക്കറ്റ് ഷെയർ കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് കമ്പനി ഇന്ത്യ ഉൾപ്പടെയുള്ള മാർക്കറ്റുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിൽ കൂടുതൽ മോഡലുകൾ നിർമിക്കുക എന്ന തന്ത്രം.

2018ൽ ഇന്ത്യയിൽ 14 കോടി സ്മാർട്ട് ഫോണുകളാണ് വിറ്റഴിഞ്ഞത്. ഇതിൽ കേവലം 17 ലക്ഷം മാത്രമായിരുന്നു ഐ ഫോണുകൾ. ചൈനീസ് കമ്പനിയായ ഷവോമി ഇന്ത്യൻ മാർക്കറ്റുകൾ കീഴടക്കിയതാണ് ആപ്പിളിന് കനത്ത തിരിച്ചടിയായത്. ഈ വർഷം ജനുവരി – മാർച്ച് കാലയളവിൽ ഇന്ത്യയിലെ ആപ്പിളിന്റെ വില്പനയിൽ 50 ശതമാനം ഇടിവുണ്ടായി.