മെഹുൽ ചോക്‌സിയുടെ ആന്റിഗ്വ പൗരത്വം റദ്ദാക്കും

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിയുടെ ആന്റിഗ്വ പൗരത്വം റദ്ദാക്കുമെന്ന് പ്രധാനമന്ത്രി ഗാസ്റ്റന്‍ ബ്രൗണ്‍ അറിയിച്ചു. ഇതിനുള്ള നിയമ നടപടികൾ നടക്കുകയാണെന്നും അത് പൂർത്തിയാകുന്ന മുറയ്ക്ക് പൗരത്വം റദ്ദാക്കുമെന്നും ആന്റിഗ്വ പ്രധാനമന്ത്രി അറിയിച്ചു.

പൗരത്വം റദ്ദാക്കുന്നതോടെ മെഹുല്‍ ചോക്‌സിയെ തട്ടിപ്പ് കേസുകളില്‍ വിചാരണക്ക് ഹാജരാക്കുന്നതിന് ഇന്ത്യക്ക് വിട്ടു കിട്ടാനുള്ള വഴിയൊരുങ്ങുമെന്നാണ് കരുതുന്നത്. അതേ സമയം ആന്റിഗ്വയുമായി ഇന്ത്യക്ക് കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറില്ല.

ആന്റിഗ്വയെ കുറ്റവാളികള്‍ക്കുള്ള സുരക്ഷിത താവളമായി മാറാന്‍ അനുവദിക്കില്ലെന്ന് ഗാസ്റ്റന്‍ ബ്രൗണ്‍ പറഞ്ഞു.

2018 ജനുവരിയിലാണ് ചോക്‌സി കുടുംബത്തോടൊപ്പം ഇന്ത്യ വിട്ടത്. അനിറ്ഗ്വയിലെത്തിയ അദ്ദേഹം അവിടെ പൗരത്വം നേടുകയായിരുന്നു. നിക്ഷേപകർക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുന്ന അവിടെ പൗരത്വം എളുപ്പത്തിൽ ലഭ്യമാകും. ഈ പഴുതിലാണ് ചോക്‌സി ആന്റിഗ്വ പൗരനായത്. അതോടെ ഇന്ത്യയിലെ നിയമനടപടികളിൽ നിന്ന് ഒഴിയാനാകുമെന്ന് അദ്ദേഹം കരുതി. സമാനമായ തട്ടിപ്പു കേസിൽ മുങ്ങിയ അദ്ദേഹത്തിന്റെ മരുമകൻ നിരവ് മോദി ലണ്ടനിൽ കഴിയുകയാണ്. അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ട് വരുന്നതിനുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണ്.