മുംബൈയിലെ പ്രധാന ഓഫീസ് മന്ദിരം വിൽക്കാൻ ഒരുങ്ങി അനിൽ അംബാനി

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് മുംബൈയിലെ റിലയൻസ് ആസ്ഥാന മന്ദിരം വിൽക്കാനോ വാടകക്ക് നൽകാനോ അനിൽ അംബാനി ഒരുങ്ങുന്നു. ദേശീയ മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. മുംബൈ സാന്താക്രൂസിലുള്ള റിലയൻസ് സെന്ററാണ് വിൽപനക്കോ വാടകക്ക് നൽകാനോ ഒരുങ്ങുന്നത്. വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപത്ത് നാലേക്കറിലാണ് ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്. ഏഴു ലക്ഷം ചതുരശ്ര അടിയാണ് വിസ്തീർണം. 3000 കോടി രൂപയാണെങ്കിൽ വിൽപന നടത്താമെന്നാണ് അനിൽ അംബാനി ഇടനിലക്കാരെ അറിയിച്ചിരിക്കുന്നത്.

ഈ മന്ദിരം കൈമാറിയാൽ ബല്ലാർഡ് എസ്റ്റേറ്റിലെ മറ്റൊരു ഓഫിസ് സമുച്ചയത്തിലേക്ക് മാറാനാണ് അനിൽ അംബാനി ഒരുങ്ങുന്നത്. റിലയൻസ് ഇൻഫ്രാസ്ട്രക്ടറിനെ ശക്തമാക്കാനാണ് വിൽപനക്ക് ഒരുങ്ങുന്നത്. അനിൽ ധീരുഭായി അംബാനി ഗ്രൂപ്പിന്റെ മൊത്തം കടബാധ്യത 45000 കോടി രൂപയോളം വരുമെന്നാണ് കണക്കാക്കുന്നത്. പല വിധത്തിൽ ഈ ബാധ്യത കുറയ്ക്കുന്നതിന് അദ്ദേഹം ശ്രമം നടത്തിയെങ്കിലും ബാധ്യത കൂടുകയാണ്. വിൽപനക്കായി അന്താരാഷ്ട്ര കൺസൾട്ടന്റായ ജെ. എൽ എല്ലിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.