ഇന്ത്യയിലെ ചെറുകിട കച്ചവടക്കാരുടെ വയറ്റത്തടിച്ച് ആമസോൺ; ചെറുകിട ബിസിനസ് ഡിജിറ്റൈസ് ചെയ്യുന്നതിന് ഒരു ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് സി.ഇ.ഒ ജെഫ് ബെസോസ്

രാജ്യത്തെ ചെറുകിട, ഇടത്തരം ബിസിനസുകൾ ഡിജിറ്റൈസ് ചെയ്യുന്നതിനായി തങ്ങളുടെ കമ്പനി ഇന്ത്യയിൽ ഒരു ബില്യൺ ഡോളർ (7,100 കോടി രൂപ 1 ഡോളറിന് 71 രൂപ എന്ന കണക്കിൽ ) നൽകുമെന്ന് ആമസോൺ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജെഫ് ബെസോസ്. 2025 ഓടെ ആമസോൺ തങ്ങളുടെ ആഗോള ശൃംഖല ഉപയോഗിച്ച് 10 ബില്യൺ ഡോളർ വിലമതിക്കുന്ന ‘മെയ്ക്ക് ഇൻ ഇന്ത്യ’ സാധനങ്ങൾ കയറ്റുമതി ചെയ്യുമെന്ന് സ്ംബാവ് ഉച്ചകോടിയിൽ പങ്കെടുത്ത ജെഫ് ബെസോസ് പറഞ്ഞു. ആമസോണും വാൾമാർട്ടിന്റെ ഫ്ലിപ്കാർട്ടും അന്യായമായ കച്ചവട രീതികൾ അവലംബിക്കുന്നു എന്ന ചെറുകിട ബിസിനസ്സ് ഉടമകളുടെ കടുത്ത വിമർശനത്തിനിടയിലാണ് ബെസോസിന്റെ ഇന്ത്യ സന്ദർശനം. അതേസമയം ഈ ആരോപണങ്ങൾ ആമസോൺ നിഷേധിച്ചിട്ടുണ്ട്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യ-യുഎസ് സഖ്യം ഏറ്റവും പ്രധാനപ്പെട്ട ഒന്നാകുമെന്ന് ആമസോൺ സിഇഒ അഭിപ്രായപ്പെട്ടു, ഈ നൂറ്റാണ്ട്‌ ഇന്ത്യയുടെ നൂറ്റാണ്ടായിരിക്കുമെന്ന് അദ്ദേഹം കരുതുന്നു. “ചലനാത്മകത, ഊർജ്ജം… വളർച്ച. ഈ രാജ്യത്തിന് പ്രത്യേകതകളേറെയാണ്, ഇത് ഒരു ജനാധിപത്യമാണ്,” ശതകോടീശ്വരൻ ജെഫ് ബെസോസ് പറഞ്ഞു.

ബെസോസിന്റെ വരവിനു മണിക്കൂറുകൾക്ക് മുമ്പാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ആമസോണിനും ഫ്ലിപ്കാർട്ടിനും എതിരെ ഔദ്യോഗിക അന്വേഷണം ആരംഭിച്ചത്. ഇതേ തുടർന്ന് പ്രകോപിതരായ ദശലക്ഷക്കണക്കിന് ചെറുകിട സ്റ്റോർ ഉടമകൾ അടങ്ങുന്ന വ്യാപാര സ്ഥാപനങ്ങൾ പ്രതിഷേധ പ്രകടനങ്ങൾ പ്രഖ്യാപിച്ചു.

ആമസോണും ഫ്ലിപ്കാർട്ടും കച്ചവടത്തിലെ മത്സരത്തിന് വിരുദ്ധമായി ഉപയോഗിച്ചുവെന്ന് ആരോപിക്കപ്പെടുന്ന വലിയ വില കിഴിവുകൾ, മുൻഗണനാ പട്ടികപ്പെടുത്തലുകൾ, ഒഴിവാക്കൽ തന്ത്രങ്ങൾ എന്നിവ അന്വേഷിക്കുമെന്ന് സിസിഐ അറിയിച്ചു. ഇന്ത്യയെ പ്രധാന വളർച്ചാ വിപണിയായി കാണുന്ന യുഎസ് ആസ്ഥാനമായുള്ള ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ 5.5 ബില്യൺ ഡോളർ നിക്ഷേപമാണ് രാജ്യത്തു പദ്ധതിയിട്ടിരിക്കുന്നത്.

ജെഫ് ബെസോസിന്റെ ഇന്ത്യാ സന്ദർശനം രാജ്യത്തുടനീളമുള്ള ചെറുകിട ബിസിനസ്സ് ഉടമകളിൽ നിന്നുള്ള പ്രതിഷേധത്തിനാണ് വഴിവച്ചിരിക്കുന്നത്, ആമസോൺ കുത്തനെ വിലക്കിഴിവുള്ള ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെയും തിരഞ്ഞെടുത്ത വൻകിട വിൽപ്പനക്കാരെ അനുകൂലിക്കുന്നതിലൂടെയും കച്ചവടത്തിൽ നിന്ന് ചെറുകിട ബിസിനസുകാരെ പുറത്താക്കുന്നു എന്നാണ് ആരോപണം.

550,000-ത്തിലധികം വിൽപ്പനക്കാർക്ക് ത്നങ്ങളുടെ ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിനും ഇന്ത്യയിൽ അവരുടെ ബിസിനസ്സ് വളർത്തുന്നതിനും അവസരങ്ങൾ നൽകുന്നുണ്ടെന്നാണ് ആമസോൺ അവകാശപ്പെടുന്നത്.

70 ദശലക്ഷം ചെറുകിട റീട്ടെയിലർമാരെ പ്രതിനിധീകരിക്കുന്ന സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഐടി) ബെസോസിന്റെ സന്ദർശന വേളയിൽ 300 നഗരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. രണ്ട് പ്രതിഷേധങ്ങൾ ബുധനാഴ്ച ന്യൂഡൽഹിയിലും ഒഡീഷയിലും നടന്നു.

Read more

ബെസോസ് ഈ ആഴ്ചത്തെ ഇന്ത്യൻ സന്ദർശന വേളയിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, വൻകിട ബിസിനസുകാർ , ചെറുകിട സംരംഭങ്ങൾ, സെലിബ്രിറ്റികൾ എന്നിവരെ കാണുമെന്ന് പ്രതീക്ഷിക്കുന്നു. മൂവായിരത്തിലധികം ചെറുകിട ബിസിനസുകൾ ഒരുമിച്ച് കൊണ്ടുവരുന്ന ആദ്യത്തെ മെഗാ ഉച്ചകോടി എന്നാണ് ആമസോൺ സ്ംബാവിനെ വിശേഷിപ്പിച്ചത്.