ജോലി രാജി വെയ്ക്കൂ, സ്വന്തം ബിസിനസ് തുടങ്ങൂ; ജീവനക്കാരോട് ആമസോൺ

Advertisement

ലോകത്ത് ഇന്നേ വരെ ആരും പ്രഖ്യാപിക്കാത്ത ബിസിനസ് തന്ത്രവുമായി ഓൺലൈൻ ബിസിനസ് വമ്പൻ, ആമസോൺ. കമ്പനി ജീവനക്കാരോട് ആവശ്യപ്പെടുകയാണ് – ‘നിങ്ങൾ ജോലി രാജി വെയ്ക്കൂ, പുതിയ ഒരു ബിസിനസ് തുടങ്ങൂ’ എന്ന്. ആമസോൺ പാക്കേജുകൾ ഡെലിവർ ചെയ്യുന്ന സംരംഭമാണ് ജീവനക്കാർ തുടങ്ങേണ്ടത്. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി കമ്പനി 10,000 ഡോളർ വീതം ഓരോ ജീവനക്കാരനും നൽകും – ഇതാണ് ഓഫറിന്റെ രത്നച്ചുരുക്കം.

ആമസോണിന്റെ ലോഗോ പതിച്ച ബ്ലൂ വാൻ പാട്ടത്തിനു നൽകുന്നതിന് പുറമെ ജോലി വിടുന്നവർക്ക് മൂന്ന് മാസത്തെ ശമ്പളവും നൽകുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഒരു വർഷം മുമ്പാണ് കമ്പനി ഇതിന് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തിൽ ഓഫർ പട്ടാളത്തിൽ നിന്ന് വിരമിച്ചവർക്ക് വേണ്ടി മാത്രമായിരുന്നു. ഇപ്പോൾ കമ്പനിയുടെ പാർട്ട് ടൈം, ഫുൾ ടൈം ജീവനക്കാർക്കും വേണ്ടി പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്.

ജൂണിൽ പദ്ധതി ആരംഭിച്ചതിനു ശേഷം 200 പേരാണ് പുതിയ ബിസിനസ് ആരംഭിച്ചത്. എന്നാൽ ജീവനക്കാരുടെ പ്രതികരണം അറിവായിട്ടില്ല. എത്ര ജീവനക്കാർ പദ്ധതിയോട് സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.  പദ്ധതിയുമായി മുമ്പോട്ട് പോകാൻ തന്നെയാണ് ആമസോണിന്റെ നീക്കം. ജീവനക്കാരുടെ എണ്ണം കുറക്കലല്ല ഈ നീക്കത്തിന്റെ പിന്നിലെന്നും കമ്പനി വ്യക്തമാക്കുന്നു.