എക്സിറ്റ് പോൾ ബി.ജെ.പിക്ക് മാത്രമല്ല ഗുണം ചെയ്തത്; അദാനി ഉൾപ്പെടെ മോദിയുടെ അടുപ്പക്കാരായ വ്യവസായികൾ നേടിയത് പതിനായിരക്കണക്കിന് കോടി

പുറത്തു വന്ന എക്സിറ്റ് പോളുകളിൽ പത്തെണ്ണവും മോദി ഭരണം തിരിച്ചെത്തുമെന്നാണ് പ്രവചിച്ചത്. ഇതിന്റെ ചിറകിൽ കയറി ഓഹരി വിപണി ഇന്നലെ തകർത്തു കയറി. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഒരു ദിവസം ഉണ്ടായ ഏറ്റവും ശക്തമായ മുന്നേറ്റമാണ് ഇന്നലെ മാർക്കറ്റ് കണ്ടത്. എന്നാൽ ഇതിനു നേർവിപരീതമാണ് ഇന്ന് സംഭവിച്ചത്. 437 പോയിന്റിന്റെ വമ്പൻ തകർച്ചയാണ് സെൻസെക്‌സ് ഇന്ന് നേരിട്ടിരിക്കുന്നത്.

ഇന്നലത്തെ വിപണിയുടെ മുന്നേറ്റത്തിൽ ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയ ഒരു ഗ്രൂപ്പ് മോദിയുടെ അടുപ്പക്കാരനും ഗുജറാത്തുകാരനുമായ അദാനിയുടേതാണ്. അദാനി ഗ്രൂപ്പിന്റെ ഫ്ലാഗ് ഷിപ് കമ്പനിയായ അദാനി എന്റർപ്രൈസസിന്റെ വില ഇന്നലെ മാത്രം കൂടിയത് 29 ശതമാനമാണ്. അതുപോലെ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെയെല്ലാം ഓഹരികൾ തകർത്തു കയറി. അദാനി പവർ 16 ശതമാനവും അദാനി ഗ്രീൻ എനർജി 15 ശതമാനവും അദാനി ഗ്യാസ് 13 ശതമാനവും കൂടി. അതായത് മോദി അധികാരത്തിൽ തിരിച്ചു വരുമെന്ന എക്സിറ്റ് പോളിന്റെ മാത്രം ബലത്തിൽ അദാനി ഗ്രൂപ്പിന്റെ നേട്ടം പതിനായിരക്കണക്കിന് കോടി രൂപയാണ്. എക്സിറ്റ് പോളിന്റെ ആധികാരികതയിൽ വലിയ സംശയം ഉണ്ടാക്കിയത് ഇതുപോലെ മോദിയുടെ അടുപ്പക്കാരായ ചില ഗ്രൂപ്പുകൾ ഒറ്റ ദിനം കൊണ്ട് നേടിയ കോടികളുടെ കിലുക്കമാണ്.

മോദി അധികാരത്തിൽ ഇരുന്ന അഞ്ചു വർഷം കൊണ്ട് അദാനി ഗ്രൂപ് ഓഹരികൾ നേടിയത് 170 ശതമാനം വർധനയാണ്. അതിനു മുമ്പ് രണ്ടാം യു പി എ ഭരണത്തിൽ അദാനി ഗ്രൂപ്പ് നേടിയത് 40 ശതമാനം വളർച്ച മാത്രമാണ്.
ഇന്ന് സ്റ്റോക്ക് മാർക്കറ്റിൽ വലിയ ഇടിവാണ് ദൃശ്യമായത്. പക്ഷെ അദാനി ഗ്രൂപ് കമ്പനികൾ ഇന്നും നേട്ടത്തിന്റെ പാതയിലാണ്. അദാനി എന്റർപ്രൈസസിന്റെ മൂല്യത്തിൽ 1 .62 ശതമാനം വളർച്ച പ്രകടമായി. മോദി അനുകൂല എക്സിറ്റ് പോൾ ഫലങ്ങൾ ആർക്ക് ഗുണം ചെയ്തു എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. അതുകൊണ്ട് കൂടിയാണ് എക്സിറ്റ് പോളിന്റെ വിശ്വാസ്യതയിൽ വലിയ തോതിലുള്ള സംശയങ്ങൾ ഉയർന്നിരിക്കുന്നതും.