മൂന്ന് വിമാനത്താവളങ്ങൾ കൂടി അദാനിയെ ഏൽപ്പിക്കും

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള മൂന്ന് വിമാനത്താവളങ്ങളുടെ കൂടി നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാന്‍ തീരുമാനം. അഹമ്മദാബാദ്, ലക്‌നൗ, മംഗളൂരു വിമാനത്താവളങ്ങള്‍ കൂടി പാട്ടത്തിന് നല്‍കാനാണ് തീരുമാനം. വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കി. പൊതു-സ്വകാര്യ പങ്കാളിത്ത നിലയിലായിരിക്കും ഈ വിമാനത്താവളങ്ങള്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുക.

തിരുവനന്തപുരം, ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാൻ ധാരണയായിട്ടുണ്ട്. ഇവയ്ക്കായി നടത്തിയ ബിഡിൽ ഉയർന്ന തുക ക്വോട്ട് ചെയ്തത് അദാനി ഗ്രൂപ്പാണ്. തിരുവനന്തപുരം അദാനി ഗ്രൂപ്പിന് നല്‍കിയതിനെതിരെ ഇടതു മുന്നണി സർക്കാർ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ഇന്നലെ ലോക്‌സഭയില്‍ ചോദ്യത്തിന് മറുപടിയായി വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞത് തിരുവനന്തപുരം അദാനിക്ക് നല്‍കിയത് സംബന്ധിച്ച് പുനരാലോചന നടത്തിയേക്കാം എന്നാണ്. ലേലത്തിനുള്ള കേരള സര്‍ക്കാരിന്റെ ആവശ്യം പരിഗണനയിലുണ്ടെന്നും വ്യോമയാന മന്ത്രി അറിയിച്ചിരുന്നു