ഇന്ത്യൻ വ്യവസായി നെസ് വാഡിയക്ക് ജപ്പാനിൽ രണ്ടു വർഷം തടവുശിക്ഷ

ഇന്ത്യയിലെ പ്രമുഖ ബിസിനസ് സാമ്രാജ്യത്തിലെ അംഗമായ നെസ് വാഡിയയെ ജപ്പാനിലെ കോടതി രണ്ടു വർഷത്തെ തടവിന് ശിക്ഷിച്ചു. മയക്കുമരുന്ന് കൈവശം വെച്ചതിനാണ് ശിക്ഷ. മാർച്ചിലാണ് നെസ് വാഡിയ ഈ കേസിൽ അറസ്റ്റിലായത്.
ലണ്ടനിലെ ഫിനാൻഷ്യൽ ടൈംസ് ദിനപത്രം റിപ്പോർട്ട് ചെയ്തതനുസരിച്ച് കന്നബിസ് റെസിൻ എന്ന മയക്കുമരുന്ന് കൈവശം വെച്ചതിനായിരുന്നു അറസ്റ്റ്. അറസ്റ്റിലാകുമ്പോൾ 25 ഗ്രാം മയക്കുമരുന്നാണ് കൈവശം ഉണ്ടായിരുന്നത്.

മുംബൈയിലെ പ്രശസ്തമായ വാഡിയ ഗ്രൂപ്പ് തലവൻ നുസ്ലി വാദിയായയുടെ മകനാണ് അദ്ദേഹം. പ്രശസ്തമായ ബോംബെ ഡൈയിംഗ്, ബ്രിട്ടാനിയ ബിസ്കറ്റ്, ഗോ എയർ വിമാന കമ്പനി തുടങ്ങിയ സ്ഥാപനങ്ങൾ ഇവരുടെ ഉടമസ്ഥതയിലുള്ളതാണ്.

ജപ്പാനിലെ ഹൊകൈടോ ദ്വീപിലെ വിമാനത്താവളത്തിൽ വെച്ചാണ് അദ്ദേഹം പിടിയിലായത്. പിടികൂടിയപ്പോൾ സ്വകാര്യ ആവശ്യത്തിനായി ഇത് കൈവശം വെച്ചിരുന്നതാണെന്ന് അദ്ദേഹം സമ്മതിച്ചതായി പത്രം പറയുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ഏതാനും ദിവസം റിമാൻഡിൽ കഴിയേണ്ടി വന്നു.

2014ൽ ബോളിവുഡ് താരം പ്രീറ്റി സിൻഡയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായിരുന്നു നെസ്. പിന്നീട് പ്രീറ്റി സിന്റ ഈ കേസ് പിൻവലിക്കുകയായിരുന്നു.