ഇന്ധന വില ഒരു സാമ്പത്തിക സമസ്യ

Advertisement

ഇന്ധന വിലയിലെ ഉയര്‍ച്ച സമകാലിക ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക സമസ്യയാണ്. ലോക കമ്പോളത്തില്‍ ക്രൂഡ് ഓയില്‍ വില പ്രകടമായി താഴുമ്പോഴും ഇന്ത്യയില്‍ ഉപഭോക്താക്കള്‍ വളരെ ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നു. ഇതെങ്ങനെ സംഭവിക്കുന്നു എന്നതിന് ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. അന്ത്രാഷ്ട്ര വിലക്ക് അനുസൃതമായി വില മാറുമെന്ന ഉറപ്പോടെയാണ് പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില നിയന്ത്രണം നീക്കിയത്. പക്ഷെ സംഭവിക്കുന്നത് നിത്യേനയുള്ള വില മുന്നേറ്റം മാത്രമാണ്.

കാര്‍ഷിക മേഖലയില്‍ ഏറ്റ ശക്തമായ ആഘാതം ഉല്പാദനകുറവായി രൂപാന്തരപ്പെടുകയും ഇത് വന്‍ വിലകയറ്റമായി മാറുകയും ചെയ്തിരിക്കുകയാണ്. ഒക്ടോബര്‍ മാസത്തില്‍ റീട്ടയില്‍ വിലയെ ആധാരമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 3 .58 ശതമാനമായി ഉയര്‍ന്നു. ഏപ്രില്‍ മാസത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്. സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കി വിലക്കയറ്റം ഏറ്റവും പ്രകടമായിരിക്കുന്നത് ഭക്ഷ്യ വിഭവങ്ങളുടെ രംഗത്താണ്. പച്ചക്കറികള്‍, സവാള, ഉള്ളി, മുട്ട, ഭക്ഷ്യ എണ്ണകള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ കുത്തനെയുള്ള വിലകയറ്റമാണ് പണപ്പെരുപ്പ നിരക്ക് ഉയരാന്‍ ഹേതുവായത്. മൊത്ത വിലസൂചികയുടെ വെയ്റ്റേജില്‍ 22 .62 ശതമാനം ഭക്ഷ്യ ഉല്‍പന്നങ്ങളാണ്. അതുകൊണ്ട് ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെയാണ് വിലക്കയറ്റം ഏറെ ദോഷകരമായി ബാധിക്കുന്നത് എന്നത് വ്യക്തമാണ്.

എന്നാല്‍ വിപണി സാഹചര്യങ്ങള്‍ മൂലമുള്ള വിലകയറ്റത്തേക്കാള്‍ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് വിലകയറ്റമാണ് പലപ്പോഴും കണ്ടു വരുന്നത്. ഇതിന് അനുയോജ്യമായ അവസ്ഥ ഇന്ധന വിലക്കയറ്റം സൃഷ്ടിച്ചു കൊടുക്കുന്നു. വിലകള്‍ കൃത്രിമമായി ഉയര്‍ത്തുന്നതിന് വിശ്വസനീയമായ ഒരു കാരണം ഇത് മൊത്ത വ്യാപാരികള്‍ക്ക് നല്‍കുന്നു. യഥാര്‍ത്ഥത്തില്‍ സാധങ്ങള്‍ പൂഴ്ത്തി വച്ച് കൃത്രിമമായി വില ഉയര്‍ത്തുന്നതാണെങ്കിലും ഡീസല്‍ വില ഉയര്‍ന്നത് ചൂണ്ടിക്കാണിക്കാന്‍ വ്യാപാരികള്‍ക്ക് കഴിയുന്നു എന്നതാണ് ഇതിന്റെ പ്രശ്‌നം. പെട്രോളിനും ഡീസലിനും കൂടുതല്‍ പണം ചെലവാക്കേണ്ടി വരുന്നു എന്നതല്ല മുഖ്യ പ്രശ്‌നം. കൃഷി മുതല്‍ എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് . ഗതാഗത ചെലവുകള്‍ കൂട്ടുന്നത് സാധന വിലയില്‍ പ്രകടമായ വര്‍ധന വരുത്തുന്നു. ഇത് കേരളം പോലെ ഒരു ഉപഭോക്തൃ സംസ്ഥാനത്തെ ഏറെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇന്ത്യയില്‍ വിലക്കയറ്റം ഒരു പിടിച്ചാല്‍ കിട്ടാത്ത പ്രതിഭാസമായി മാറാന്‍ ഒരു കാരണം ഇന്ധന വില തന്നെയാണ്.

ജി. എസ് ടീയില്‍ ഉള്‍പ്പെടുത്തി പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറക്കുന്നതിനും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അനുകൂലമല്ല. ഇതിന്റെയെല്ലാം തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് പാവം പൊതു ജനവും. നോട്ട് നിരോധനത്തിന്റെ തിക്തഫലങ്ങള്‍ മൂലം വരുമാനം കുറഞ്ഞ സാധാരണക്കാര്‍ക്ക് ഇന്ധന വില നിത്യേന കൂട്ടുന്നത് വല്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ഇന്ധന വില ഒരു സാമ്പത്തിക സമസ്യ

ലോക കമ്പോളത്തില്‍ ക്രൂഡ് ഓയില്‍ വില പ്രകടമായി താഴുമ്പോഴും ഇന്ത്യയില്‍ ഉപഭോക്താക്കള്‍ വളരെ ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നു. ഇതെങ്ങനെ സംഭവിക്കുന്നു എന്നതിന് ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. അന്ത്രാഷ്ട്ര വിലക്ക് അനുസൃതമായി വില മാറുമെന്ന ഉറപ്പോടെയാണ് പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില നിയന്ത്രണം നീക്കിയത്. പക്ഷെ സംഭവിക്കുന്നത് നിത്യേനയുള്ള വില മുന്നേറ്റം മാത്രമാണ്.

Posted by SouthLive Malayalam on Tuesday, 28 November 2017