നാനിമാര്‍ക്കും വേണ്ടേ പരിശീലനം? ആസാദ് മൂപ്പന്‍റെ മകളുടെ സൂപ്പര്‍ നാനി പ്രോഗ്രാം

കുട്ടികളെ നോക്കുന്ന നാനിമാരുടെ ജോലി (ആയ) അത്ര എളുപ്പമൊന്നുമല്ല. ശരിയായ പരിശീലനവും കാര്യങ്ങളുമില്ലെങ്കില്‍ ആകെ പണി പാളും. എന്നാല്‍ ഇതിനെക്കുറിച്ച് നമുക്കാര്‍ക്കും വലിയ ബോധ്യമൊന്നുമില്ല. ഈ വിഷയത്തില്‍ കുറച്ച് വ്യത്യസ്ത സമീപനവുമായി രംഗത്തു വരികയാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിന്റെ പാരമ്പര്യത്തില്‍ യുവസംരംഭക അലീഷ മൂപ്പന്‍.

യുഎഇയിലെ നാനിമാരുടെ വൈദഗ്ധ്യ പരിശീലനവും തൊഴില്‍ ശാക്തീകരണവും ലക്ഷ്യമിട്ട് മെഡ്കെയര്‍ “സൂപ്പര്‍ നാനി” എന്ന പേരിലാണ് അലീഷ പുതിയ പരിശീലന പദ്ധതി ആരംഭിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ സഹായത്തോടെ മികച്ച പരിപാലനം സാധ്യമാക്കാന്‍ നാനിമാരെ സജ്ജമാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

അതിവേഗത്തിലാണ് ജീവിതത്തില്‍ നമ്മള്‍ ഓടിക്കൊണ്ടിരിക്കുന്നത്. അതിനിടെ കുട്ടികളെ പരിപാലിക്കലൊന്നും പലര്‍ക്കും നടക്കാത്ത കാര്യങ്ങളാണ്. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ കാര്യത്തില്‍ ഇത്തരത്തില്‍ വരുന്ന നോട്ടക്കുറവുകള്‍ കാര്യമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുമുണ്ട്. ഇവിടെയാണ് നാനിമാരുടെ പ്രസക്തിയും ആവശ്യവും കടന്നുവരുന്നത്. ദിവസത്തിന്റെ നല്ലൊരു ശതമാനം സമയവും നാനിമാരോടൊപ്പമാണ് കുട്ടികള്‍ ചെലവിടുന്നത്. എന്നാല്‍ ഇതിന് അവര്‍ക്ക് എത്രമാത്രം പരിശീലനം ലഭിക്കുന്നുവെന്നതാണ് വിഷയം. വീട്ടുജോലിക്കാരാണ് പലയിടങ്ങളിലും കുട്ടികളെ നോക്കുന്ന ഈ ജോലി ചെയ്യുന്നത്.

എന്നാല്‍ അങ്ങനല്ല കാര്യങ്ങള്‍. നാനിയുടെ ജോലി പ്രത്യേക വൈദഗ്ധ്യവും പരിശീലനവും വേണ്ടതാണെന്ന ചിന്തയില്‍ നിന്നാണ് സൂപ്പര്‍ നാനി എന്ന സംരംഭവുമായി അലീഷ മൂപ്പന്‍ കടന്നുവരുന്നത്. ബുദ്ധിപരവും വികാരപരവുമായ നിരവധി കാര്യങ്ങള്‍ കുട്ടികളുമായി ബന്ധപ്പെട്ട് കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇതിനുള്ള പരിശീലനം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണം നടക്കുന്ന കുട്ടിക്കാലം കൃത്യമായ ആസൂത്രണത്തോടെ വേണം ഓരോ മാതാപിതാക്കളും അവര്‍ക്ക് സമ്മാനിക്കാന്‍. ഇതെല്ലാം പരിശീലനത്തിലൂടെ സാധ്യമാക്കുകയാണ് സൂപ്പര്‍ നാനി പദ്ധതിയുടെ ലക്ഷ്യം.

എട്ട് ഘട്ടങ്ങളായാണ് പരിശീനപദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ബേബി കെയര്‍, ചൈല്‍ഡ് കെയര്‍-ഭൗതികവും, വൈകാരികവും, സ്വാഭാവ രൂപീകരണം, ശുചിതം, സുരക്ഷ, ചൈല്‍ഡ് നൂട്രീഷന്‍, എമര്‍ജന്‍സി കെയര്‍ എന്നിവയാണ് ഈ എട്ട് ഘട്ടങ്ങള്‍.