ബിറ്റ്‌കോയിൻ കമ്മട്ടങ്ങൾ എവിടെ, എങ്ങനെ പ്രവർത്തിക്കുന്നു ?

Advertisement

2017ലെ വാർത്ത താരങ്ങളിൽ ഒന്നായിരുന്നു ബിറ്റ്‌കോയിൻ. ഏറ്റവും പ്രമുഖ ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിൻറെ മൂല്യം 20,000 ഡോളറിന് അടുത്തെത്തി എന്നത് ലോകശ്രദ്ധ പിടിച്ചു പറ്റിയ വാർത്തയായിരുന്നു. ക്രിപ്റ്റോകറൻസികൾ എന്നറിയപ്പെടുന്ന കറൻസി സമ്പ്രദായത്തെ കുറിച്ച് പുതിയ അവബോധം ഉണ്ടാകുന്നതിന് ഇത് സഹായകമായി. ഇതറിയം, ലൈറ്റകോയിൻ, റിപ്പിൾ, ഇസഡ് ക്യാഷ് തുടങ്ങി ഇതേ രീതിയിൽ പുറത്തു വന്ന നിരവധി കറൻസികൾ വാർത്തകളിൽ നിറഞ്ഞു നിന്ന വർഷമാണ് കടന്നു പോയത്.

ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ ബിറ്റ്‌കോയിൻ ഒരു നിക്ഷേപ രീതിയായി അംഗീകാരം നേടി. ഈ രാജ്യങ്ങളിൽ പരിമിതമായാണെങ്കിലും, വിപണി ഇടപാടുകൾക്കും ബിറ്റ്‌കോയിൻ ഉപയോഗിച്ച് വരുന്നുണ്ട്.
ഇന്ത്യയിൽ ക്രിപ്റ്റോകറൻസികൾക്ക് നിയമപരമായ അംഗീകാരം ഇല്ലെങ്കിലും ഒട്ടേറെ പേർ നിക്ഷേപം നടത്തുന്നതായി ആദായ നികുതി വകുപ്പിന്റെ അന്വേഷണം സ്ഥിരീകരിച്ചിട്ടുണ്ട്. ഒൻപത് വിപണന എക്സ്ചേഞ്ചുകളിലായി ഏതാണ്ട് 20 ലക്ഷം പേർ ക്രിപ്റ്റോകറന്സി രംഗത് തത്പരരാണെന്നാണ് വ്യക്തമായിരിക്കുന്നത്. ഇതിൽ രണ്ട് ലക്ഷം പേർ സജീവമായി ഇടപാടുകൾ നടത്തുന്നവരാണ്. കള്ളപ്പണം ഒളിപ്പിക്കുന്നതിനുള്ള ഒരു മാർഗമായാണ് ഭൂരിപക്ഷം പേരും ഇത് ഉപയോഗിക്കുന്നതെന്നാണ് വകുപ്പിന്റെ കണ്ടെത്തൽ. വൻതോതിലുള്ള നികുതി വെട്ടിപ്പാണ്‌ ഇതിന്റെ മുഖ്യ ലക്‌ഷ്യം.

മൈൻ അഥവാ കമ്മട്ടം

ബിറ്റ്‌കോയിൻ കൈമാറ്റം ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യം ചൈനയാണ്. ചൈനയിൽ ഈ കറൻസി ഭാഗികമായി നിയമവിധേയമാണ്. ക്രിപ്റ്റോകറൻസികൾ സൃഷ്ടിച്ചെടുക്കുന്ന രീതി പൊതുവിൽ അറിയപ്പെടുന്നത് മൈനിംഗ് എന്നാണ്. സൂപ്പർ കംപ്യൂട്ടറുകളുടെ ശ്രിംഖലയാണ് ഇതിന്റെ നിർമാണത്തിൽ പങ്കാളിയാവുന്നത്. ഇവയെ മൈനിംഗ് പൂൾ എന്ന് വിളിക്കുന്നു. ഏറ്റവും കൂടുതൽ മൈനിംഗ് പൂൾ ഉള്ള രാജ്യം ചൈനയാണ്. അതായത് ക്രിപ്റ്റോകറൻസി രംഗം അടക്കി വാഴുന്നത് ചൈനയാണ് എന്ന് ചുരുക്കം.

മൈനിംഗ് പൂൾ എന്നറിയപ്പെടുന്ന സൂപ്പർ കംപ്യൂട്ടർ നെറ്റ് വർക്കിലാണ് ഓരോ ബിറ്റ്കോയിനും മിന്റ് ചെയ്തെടുക്കുന്നത്. ഒപ്പം ഇതിന്റെ രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നു. ബ്ലോക്ക് ചെയിൻ എന്നും ഇത് അറിയപ്പെടുന്നു. ഈ സൂപ്പർ കംപ്യൂട്ടറുകൾ പ്രവർത്തിപ്പിക്കുന്നതിന് വൻ തോതിൽ ഊർജം ആവശ്യമാണ്. അതിനാൽ ഇത്തരം പൂളുകൾ അധികവും വൈദ്യുതി ഉല്പാദന കേന്ദ്രങ്ങൾക്കടുത്താണ് സ്ഥാപിച്ചിരിക്കുന്നത്.
ചൈനയിലെ ചിശ്‌വാൻ എന്ന മേഖലയിൽ ആണ് ഏറ്റവും അധികം മൈനിംഗ് പൂൾ പ്രവർത്തിക്കുന്നത്. അതുകൊണ്ട് ഈ മേഖല അറിയപ്പെടുന്നത് ബിറ്റ്‌കോയിൻ മൈനിങ്ങിന്റെ ആഗോള തലസ്ഥാനം എന്നാണ്. ജല വൈദ്യുതി ഇവിടെ കുറഞ്ഞ ചെലവിൽ ലഭിക്കുന്നു എന്നതാണ് ഇതിന് പ്രധാന കാരണം.

അനവധി മൈക്രോ പ്രോസസറുകൾ ഉപയോഗിച്ചു അൽഗൊരിതം സമവാക്യങ്ങളുടെ കുരുക്കഴിച്ചാണ് ഓരോ ബിറ്റ്കോയിനും മൈൻ ചെയ്തെടുക്കുന്നത്. എന്നാൽ ഇത്തരം മൈനിംഗ് സ്ഥാപനങ്ങളെ കുറിച്ചോ അവയിൽ പ്രവർത്തിക്കുന്നവരെ കുറിച്ചോ കാര്യമായ വിവരങ്ങൾ പുറം ലോകത്തിനില്ല എന്നതാണ് വസ്തുത. ജീവനക്കാരിൽ മിക്കവരും മൈനുകളിൽ തന്നെയാണ് താമസം. ഏറെക്കുറെ ഒരു അജ്ഞാതവാസം. മിക്ക മൈനുകളും പ്രധാന റോഡുകളിൽ നിന്നും 40 കിലോമീറ്ററോളം ഉള്ളിലായാണ് സ്ഥിതി ചെയ്യുന്നത്.

മൈനിങ്ങിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ശമ്പളം നൽകുന്നതും ബിറ്റ്‌കോയിൻ ആയാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
ജപ്പാനാണ് മൈനിംഗ് നടക്കുന്ന മറ്റൊരു പ്രമുഖ രാജ്യം. ചില യൂറോപ്യൻ രാജ്യങ്ങളും ഈ രംഗത് സജീവമാണ്. പുതിയ ക്രിപ്റ്റോകറൻസികൾ അവതരിപ്പിക്കുന്നതും ഈ രാജ്യങ്ങളാണ്. നിലവിൽ ബിറ്റ്‌കോയിൻ മൂല്യത്തിൽ വലിയ ഇടിവ് ഉണ്ടായിരിക്കുകയാണ്. 12,000 ഡോളറിന് താഴെയാണ് ഇപ്പോൾ ഒരു ബിറ്റ്കോയിൻറെ മൂല്യം.