ബുള്ളറ്റിനെതിരെ അങ്കത്തട്ടൊരുക്കി ഇറ്റലിയില്‍ നിന്നൊരു ‘ക്ലാസിക്’ പോരാളി

ഇരുചക്രവാഹന രംഗത്ത് ‘എതിരാളിക്ക് ഒരു പോരാളി’ എന്ന വിശേഷണം ഏറ്റവും നന്നായി ഇണങ്ങുക റോയല്‍ എന്‍ഫീള്‍ഡിനാണ്. മോജോയും ഡോമിനാറും മറ്റും അങ്കം കുറിച്ചെത്തിയെങ്കിലും എന്‍ഫീള്‍ഡിനെ അത് തെല്ലും ബാധിച്ചിട്ടില്ല . ഇത് പഴയ കഥ ഇനി കഥമാറും. റോയല്‍ എന്‍ഫീല്‍ഡ് അടക്കി വാഴുന്ന 350 സിസി ശ്രേണിയിലേക്ക് ഉത്തമ എതിരാളിയായി ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ബെനലി ഉടന്‍ കടന്നു വരും.

റോയല്‍ എന്‍ഫീല്‍ഡിന് അതേ നാണയത്തില്‍ തന്നെ തിരിച്ചടി നല്‍കുവാന്‍ ക്ലാസിക് രൂപ ഗുണവുമായാണ് ബെനലി എത്തുന്നത്. ഇറ്റലിയിലെ മിലാനില്‍ നടന്ന മോട്ടോര്‍ ഷോയിലാണ് എന്‍ഫീല്‍ഡ് ക്ലാസികിന്റെ രൂപസാദൃശ്യമുള്ള ഇംപീരിയാലെ 400 ബെനെലി പ്രദര്‍ശിപ്പിച്ചത്. ബെനലിയുടെ പുതിയ റെട്രോ-സ്റ്റൈല്‍ ക്രൂയിസറാണ് ഇംപെരിയാലെ 400. ഇന്ത്യന്‍ വിപണിയാണ് ഇംപീരിയാലെയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. 2018 ന്റെ രണ്ടാം പാദത്തോടെ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ എത്തുമെന്നാണ് സൂചന.

373.5 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇംപീരിയാലെയുടെ കരുത്ത്. 5500 ആര്‍പിഎമ്മില്‍ 19 ബിഎച്ച്പി പവറും 3500 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ നല്‍കും. 5 സ്പീഡാണ് ഗിയര്‍ബോക്സ്. ക്ലാസിക്ക് ലുക്ക് വേണ്ടുവോളമുള്ള ബൈക്കാണ് ഇംപീരിയല്‍ 400. വട്ടത്തിലുള്ള ഹെഡ്ലാമ്പ്, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഉരുണ്ട ഫ്യുവല്‍ ടാങ്ക് തുടങ്ങി എന്‍ഫീല്‍ഡ് ക്ലാസിക്കുമായി സാമ്യം തോന്നുന്ന ഘടകങ്ങള്‍ ധാരാളമുണ്ട്. ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. ഉയര്‍ന്നിരിക്കുന്ന ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സ്റ്റൈലിഷ് ലുക്ക് നല്‍കും. സുരക്ഷ ഉറപ്പാക്കാന്‍ ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും ഇതില്‍ കമ്പനി നല്‍കിയിട്ടുണ്ട്. 200 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം.