ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം യു.പി.ഐ ഏതുമായിക്കൊള്ളട്ടെ, ഇടപാട് സുരക്ഷിതമാക്കാന്‍ ഉപഭോക്താക്കള്‍ക്കായി എസ്.ബി.ഐയുടെ ടിപ്സ്

 

യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് അഥവാ യു.പി.ഐ ഇടപാടുകള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഏറ്റവും ഇഷ്ടപ്പെട്ട, സൗകര്യപ്രദമായ പേയ്മെന്റ് രീതിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ആദ്യം ഒരൊറ്റമാസം നടന്ന യു.പി.എ ഇടപാടുകളുടെ എണ്ണം അഞ്ച് ബില്യണ്‍ കടന്നിരുന്നു. പച്ചക്കറികള്‍ വാങ്ങാനും, ഓണ്‍ലൈന്‍ ഷോപ്പിങ്ങിനുമെല്ലാം യു.പി.ഐ ഉപയോഗിക്കുന്നവര്‍ കൂടി വരികയാണ്. നാട്ടിന്‍പുറത്തെ സാധാരണ ചായക്കടകളില്‍ വരെ യു.പി.ഐ ഇടപാടുകള്‍ നടത്താനുള്ള സംവിധാനവുമുണ്ട്.

യു.പി.ഐ എറെ സൗകര്യപ്രദമാണെങ്കിലും ഇടപാടുകളുടെ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചില അപകടസാധ്യതകളുണ്ട്. യു.പി.ഐ കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പുകള്‍ കാരണം പണം നഷ്ടപ്പെട്ട ഒട്ടേറെ സംഭവങ്ങളുണ്ട്. യു.പി.ഐ സംവിധാനം കുറ്റമറ്റതാണെങ്കിലും ഉപഭോക്താക്കളുടെ ശ്രദ്ധക്കുറവും അറിവില്ലായ്മയും കാരണമാണ് തട്ടിപ്പുകളില്‍ ഏറെയും നടക്കുന്നത്.

യു.പി.ഐ ആപ്പുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഉപഭോക്താക്കള്‍ക്ക് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

യു.പി.ഐ പിന്‍ എപ്പോള്‍ ഉപയോഗിക്കണമെന്ന് അറിഞ്ഞിരിക്കുക:

പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോഴാണ് യു.പി.ഐ പിന്‍ ഉപയോഗിക്കേണ്ടത്. പണം സ്വീകരിക്കാന്‍ പിന്‍ ആവശ്യമില്ല. പിന്‍ നമ്പര്‍ ഉപയോഗിക്കേണ്ട കാര്യത്തിലെ ആശയക്കുഴപ്പങ്ങളാണ് ഒട്ടേറെ തട്ടിപ്പുകള്‍ക്ക് വഴിവെക്കുന്നത്. പണം സ്വീകരിക്കാന്‍ പിന്‍ പറയണമെന്ന് പറയുമ്പോള്‍ ഉടന്‍ അത് പറഞ്ഞുനല്‍കുന്നതിലൂടെ അക്കൗണ്ടിലുള്ള കാശ് നഷ്ടമാകും.

പണം അയക്കുന്നതിന് മുമ്പ് ഒരുനിമിഷം:

ആര്‍ക്കെങ്കിലും പണം അയക്കുന്നതിനു മുമ്പ് ആളുടെ മൊബൈല്‍ നമ്പറും പേരും യു.പി.ഐ ഐഡിയും വെരിഫൈ ചെയ്തശേഷം മാത്രം അയക്കുക.

ഒ.ടി.പിയല്ല യു.പി.ഐ പിന്‍:

യു.പി.ഐ പിന്‍ ആരുമായും പങ്കുവെക്കരുത്. യു.പി.ഐ പിന്‍ എന്നത് യു.പി.ഐ ആപ്പുകളില്‍ പണമിടപാട് നടത്താനുള്ളതാണ്. ഒ.ടി.പി നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ എസ്.എം.എസ് ആയാണ് വരുന്നത്. ഇത് രണ്ടും തമ്മില്‍ മാറിപ്പോകാന്‍ പാടില്ല.

സ്‌കാനര്‍ എന്താണെന്ന് അറിയുക:

ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ മാത്രം ക്യു.ആര്‍ കോഡ് സ്‌കാനര്‍ ഉപയോഗിക്കുക. കോഡിന്റെ കാര്യത്തില്‍ ഉറപ്പില്ലാതെ അത് സ്‌കാന്‍ ചെയ്യാന്‍ പോകരുത്.

സഹായം തേടല്‍ ഔദ്യോഗിക സോഴ്സുകളോട് മാത്രം:

ഔദ്യോഗിക സോഴ്സുകളല്ലാത്ത മറ്റൊരിടത്തും സഹായം തേടരുത്. കസ്റ്റമര്‍ കെയര്‍ നമ്പറിനായി ഗൂഗിളില്‍ കാണുന്ന വെബ്സൈറ്റുകളിലോ മറ്റ് ഓണ്‍ലൈന്‍ സൈറ്റുകളിലോ തിരയരുത്.

ആപ്പിനുള്ളില്‍ തന്നെ തിരയുക:

പണമിടപാടുമായി ബന്ധപ്പെട്ടോ സാങ്കേതികമായോ എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിട്ടാല്‍ ആപ്പിനുള്ളിലെ ഹെല്‍പ്പ് സെക്ഷന്‍ ഉപയോഗിക്കുക. എന്തെങ്കിലും തകരാറ് ശ്രദ്ധയില്‍പ്പെട്ടാല്‍ ബാങ്കിന്റെ പരാതി പരിഹാര പോര്‍ട്ടല്‍ വഴി സഹായം തേടാം. https://crcf.sbi.co.in/ccf/ ഈ വെബ്സൈറ്റ് വഴി ഔദ്യോഗികമായി സഹായം തേടാം.