
ബുള്ളറ്റ് ആരാധകര്‍ക്കുള്ള വികാരത്തിനേക്കാള്‍ ആയിരം മടങ്ങ് വികാരമാണ് യമഹ ആരാധകര്‍ക്ക്. ആര്‍എക്സ് 100ഉം ആര്‍എക്സ്135ഉം ഒക്കെ കൊണ്ട് നടക്കുന്ന പിള്ളേരോട് ചോദിച്ചാല്‍ മതി. ഒന്നര ലക്ഷം തരാമെന്ന് പറഞ്ഞാലും അവര്‍ പറയും അത് വേണ്ട ബ്രോ എന്ന്. എന്നാല്‍, ടു സ്ട്രോക്ക് വണ്ടിക്കൊക്കെ പൂട്ടിടുമെന്നായതോടെ ഇവരുടെ കാര്യമെല്ലാം സങ്കടത്തിലാണ്. പൊന്നുപോലെ നോക്കുന്ന വണ്ടിയുടെ ഭാവി ആലോചിച്ചിട്ട് ഉടമകള്‍ക്കൊരു നില്‍ക്കക്കള്ളിയുമില്ല.

സംഭവം ഇങ്ങനെ ഒക്കെയാണെങ്കിലും യമഹ മാറ്റി ബുള്ളറ്റ് എടുക്കാനുള്ള ഒരു അച്ഛന്റെ തീരുമാനത്തിനെതിരേ കരഞ്ഞ് പ്രതിഷേധിക്കുകയാണ് ഒരു കൊച്ചുമിടുക്കി. വീട്ടിലെ പഴയ ആര്‍എക്സ്100 ബൈക്ക് വിറ്റ് ബുള്ളറ്റ് വാങ്ങാമെന്ന് പറയുമ്പോള്‍ കരഞ്ഞ് പ്രതിഷേധിക്കുന്ന ഈ കുട്ടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
ഇത് ഇപ്പോ നന്നാക്കിയതല്ലേ ഒള്ളൂ, പിന്നെ എന്തിനാ അച്ഛാ ഇത് വില്ക്കുന്നെ എന്നൊക്കെ കരഞ്ഞാണ് പെണ്‍കുട്ടി ചോദിക്കുന്നത്. അച്ഛന് രാപകലില്ലാതെ നടന്ന് കഷ്ടപ്പെട്ട് നന്നാക്കിയ വണ്ടി എന്തിനാണ് വില്‍ക്കുന്നതെന്ന് ചോദിക്കുമ്പോള്‍ വിറ്റാലേ കാശുകിട്ടൂ എന്നും ബുള്ളറ്റ് വാങ്ങാമെന്നുമാണ് അച്ഛന്റെ മറുപടി. എന്നാല്‍ ആ വൃത്തികെട്ട വണ്ടി വേണ്ട എന്നായിരുന്നു മകളുടെ മറുപടി. കുട്ടിയെ കുറ്റം പറയാനൊക്കില്ലെന്നും ദയവ് ചെയ്ത് ബൈക്ക് വില്‍ക്കരുതെന്നുമുള്ള കമന്റുകളാണ് വീഡിയോക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.