പലിശ വളരെ കുറഞ്ഞ സ്വര്‍ണപ്പണയ വായ്പയാണോ അന്വേഷിക്കുന്നത്? ഈ ബാങ്കുകള്‍ നിങ്ങളെ സഹായിക്കും

അപ്രതീക്ഷിതമായി വരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് എളുപ്പത്തില്‍ പരിഹാരം കാണാന്‍ നമ്മളെ സഹായിക്കുന്ന ഒന്നാണ് ഗോള്‍ഡ് ലോണ്‍. വലിയ പേപ്പര്‍ വര്‍ക്കുകളൊന്നുമില്ലാതെ എളുപ്പം കിട്ടുമെന്നതാണ് പ്രധാന ആകര്‍ഷണം.

നമ്മുടെ സ്വര്‍ണാഭരണങ്ങള്‍ ജാമ്യമായി കണക്കാക്കി ബാങ്ക് പണം നല്‍കുന്ന രീതിയാണിത്. ഇതിനായി ചെറിയൊരു പലിശനിരക്കും ബാങ്ക് ഈടാക്കും. പലിശയും മുതലും അടയ്ക്കുന്ന പക്ഷം ആഭരണങ്ങള്‍ തിരികെ എടുക്കാവുന്നതുമാണ്. സ്വര്‍ണപ്പണയ വായ്പയ്ക്കായി പോകുന്നതിന് മുമ്പ് താഴെപ്പറയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും പരിശോധിച്ചിരിക്കണം.

സ്വര്‍ണത്തിന്റെ ഏതെല്ലാം രൂപം ബാങ്ക് സ്വീകരിക്കും:

മിക്ക ബാങ്കുകളും സ്വര്‍ണാഭരണങ്ങള്‍ പണയമായി സ്വീകരിക്കാറുണ്ട്. സ്വര്‍ണത്തിന്റെ പരിശുദ്ധി പതിനെട്ട് കാരറ്റിനും 22 കാരറ്റിനും ഇടയിലായിരിക്കും സ്വര്‍ണത്തിന്റെ പരിശുദ്ധി. സ്വര്‍ണ്ണക്കട്ടികള്‍ ജാമ്യമായി സ്വീകരിക്കില്ല.

ഒരു പവന് എത്ര കിട്ടും?

മിക്ക ബാങ്കുകളും സ്വര്‍ണത്തിന്റെ മാര്‍ക്കറ്റ് വിലയുടെ 75% ആണ് വായ്പയായി നല്‍കാറുള്ളത്. ആര്‍.ബി.ഐ നിര്‍ദേശപ്രകാരം സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ച് ബാങ്കുകള്‍ അനുവദിക്കുന്ന വായ്പകള്‍ ആഭരണങ്ങളുടെ മൂല്യത്തിന്റെ 75%ത്തില്‍ കവിയാന്‍ പാടില്ല. അതായത്, 100000 രൂപയുടെ സ്വര്‍ണം നിങ്ങള്‍ പണയപ്പെടുത്താന്‍ തീരുമാനിക്കുകയാണെങ്കില്‍ ലഭിക്കാവുന്ന പരമാവധി വായ്പ 75000 രൂപയാണ്.

സ്വര്‍ണ പരിശോധനയും ലോണ്‍ അനുവദിക്കലും

ജാമ്യമായി നിങ്ങള്‍ നല്‍കിയ സ്വര്‍ണം ബാങ്ക് പരിശോധിക്കും. അതിനുശേഷമാണ് ആ സ്വര്‍ണത്തിന്മേല്‍ എത്രരൂപ വായ്പയായി നല്‍കാമെന്ന് തീരുമാനിക്കുന്നത്. ആറ് മാസമോ അതോ 24മാസമോ ഇതില്‍ എത്രകാലത്തിനുള്ളില്‍ ലോണ്‍ തിരിച്ചടയ്ക്കാമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.

കുറഞ്ഞ നിരക്കുകളില്‍ സ്വര്‍ണ വായ്പ നല്‍കുന്ന ഇന്ത്യയിലെ ബാങ്കുകള്‍:

കാനറ ബാങ്ക്: 7.35% പലിശ നിരക്കിലാണ് കാനറ ബാങ്ക് സ്വര്‍ണപ്പണയ വായ്പ നല്‍കുന്നത്. അഞ്ഞൂറ് മുതല്‍ അയ്യായിരം വരെ പ്രോസസിങ് ചാര്‍ജ്.

എസ്.ബി.ഐ: 7.30% നിരക്കില്‍ മൂന്നുവര്‍ഷകാലാവധിയില്‍ 50 ലക്ഷം രൂപവരെ എസ്.ബി.ഐ വായ്പയായി നല്‍കും. ലോണ്‍ തുകയുടെ 0.50% ആണ് പ്രോസസിങ് ചാര്‍ജ്.

യൂണിയന്‍ ബാങ്ക്: 7.35% മുതല്‍ 8.25% വരെയാണ് യൂണിയന്‍ ബാങ്ക് ഗോള്‍ഡ് ലോണിന്മേല്‍ ഈടാക്കുന്ന പലിശ.

പഞ്ചാബ് നാഷണല്‍ ബാങ്ക്: ഏഴ് മുതല്‍ ഏഴര ശതമാനം വരെയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് ഗോള്‍ഡ് ലോണിന് വാങ്ങുന്ന പലിശ.