Thursday, 13 August 2026
‘Honest storytelling is a powerful means of change
08:25:44 AM IST
#Trending

കോട്ടകൾ തകർന്ന് ബിജെപി; സ്വന്തം തട്ടകത്തിൽ നാണംകെട്ട് അധ്യക്ഷൻ, പ്രശാന്ത് കിഷോറിന് ഗംഭീര തുടക്കം ​

ന്യൂസ് ഡെസ്ക് 5 August 2026, 11:21 am
SHARE

രാജ്യത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം ബിജെപിക്ക് നൽകുന്നത് കനത്ത പ്രഹരം. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ്റെ സ്വന്തം തട്ടകമായ ബിഹാറിലെ ബാങ്കിപ്പൂരിൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിൻ്റെ ‘ജൻ സുരാജ് പാർട്ടി’ വെന്നിക്കൊടി പാറിച്ചപ്പോൾ, മധ്യപ്രദേശിലെ ദാതിയ കോൺഗ്രസ് നിലനിർത്തി. ഗുജറാത്തിലെ മഞ്ചൽപൂർ മാത്രമാണ് ബിജെപിക്ക് ആശ്വസിക്കാനുള്ള ഏക വക നൽകിയത്. കോട്ടകൾ തകർന്നതിന് പിന്നാലെ തോൽവിയിൽ ‘ഗൗരവമായ ആത്മപരിശോധന’ നടത്തുമെന്ന് പ്രഖ്യാപിച്ച് തലയൂരുകയാണ് ബിജെപി ദേശീയ നേതൃത്വം.

​ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറി നടന്നത് ബിഹാറിലെ ബാങ്കിപ്പൂരിലാണ്. 1995 മുതൽ ബിജെപി കുത്തകയാക്കിവെച്ചിരുന്ന, സാക്ഷാൽ നിതിൻ നവീൻ്റെ തട്ടകത്തിലാണ് തിരഞ്ഞെടുപ്പ് ഗോദയിലെ കന്നി അങ്കത്തിൽ തന്നെ പ്രശാന്ത് കിഷോർ വൻ വിജയം നേടിയത്. 19,324 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തിലാണ് പ്രശാന്ത് കിഷോർ ബിജെപി സ്ഥാനാർഥി നീരജ് കുമാറിനെ തറപറ്റിച്ചത്.

കിഷോറിന് 64,151 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപി സ്ഥാനാർഥിക്ക് 44,827 വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നിതിൻ നവീൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ബാങ്കിപ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മൂന്ന് പതിറ്റാണ്ടായി തൻ്റെയും തൻ്റെ പിതാവിൻ്റെയും കൈയ്യിലുണ്ടായിരുന്ന മണ്ഡലം ആദ്യമായി കൈവിട്ടുപോയത് പാർട്ടി അധ്യക്ഷന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. ബിഹാർ രാഷ്ട്രീയത്തിൽ ജനങ്ങൾ ബിജെപിക്ക് നൽകിയ വ്യക്തമായ സന്ദേശമാണ് ഈ വിജയമെന്നാണ് പ്രശാന്ത് കിഷോറിൻ്റെ പ്രതികരണം.

​മധ്യപ്രദേശിലെ ദാതിയയിൽ കോൺഗ്രസ് സ്ഥാനാർഥി ഘനശ്യാം സിംഗ് 6,016 വോട്ടുകൾക്കാണ് ബിജെപിയുടെ അശുതോഷ് തിവാരിയെ പരാജയപ്പെടുത്തിയത്. സിംഗിന് 66,757 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് 60,741 വോട്ടുകളാണ്. കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഭാരതിയെ ഒരു കേസിൽ അയോഗ്യനാക്കിയതിനെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. അതേസമയം, ഗുജറാത്തിലെ മഞ്ചൽപൂരിൽ മാത്രമാണ് ബിജെപിക്ക് പിടിച്ചുനിൽക്കാനായത്. ഇവിടെ ബിജെപി സ്ഥാനാർഥി സതീന്ദ്രഭായ് പട്ടേൽ 30,000-ത്തിലധികം വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തി സിറ്റിംഗ് സീറ്റ് നിലനിർത്തി.

​സ്വന്തം കോട്ടയിലെ ദയനീയ പരാജയത്തിന് പിന്നാലെ, ബാങ്കിപ്പൂരിലെയും ദാതിയയിലെയും ജനവിധി അംഗീകരിക്കുന്നതായും തോൽവികളിൽ പാർട്ടിക്കുള്ളിൽ ഗൗരവമായ ആത്മപരിശോധന നടത്തുമെന്നും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ വ്യക്തമാക്കി. ബാങ്കിപ്പൂരിലും ദാതിയയിലും പ്രതീക്ഷിച്ച ജനവിധി ലഭിച്ചില്ലെന്നും, എവിടെയാണ് പിഴച്ചതെന്ന് പരിശോധിച്ച് ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ കൂടുതൽ ഊർജ്ജത്തോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്ക് ലഭിച്ച ഈ തിരിച്ചടി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുൻപായി ഭരണകക്ഷിക്ക് ലഭിക്കുന്ന വലിയൊരു മുന്നറിയിപ്പ് കൂടിയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →