Sunday, 16 August 2026
‘Honest storytelling is a powerful means of change
06:34:11 AM IST
National

​ഫണ്ട് തിരിമറി വിവാദങ്ങൾ അവഗണിക്കാൻ ബിജെപി; ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ‘മിഷൻ 29’

ന്യൂസ് ഡെസ്ക് 31 July 2026, 12:25 pm
SHARE

നിയമസഭാ തെരഞ്ഞെടുപ്പിലെ ഫണ്ട് തിരിമറി വിവാദങ്ങൾ തള്ളി ബി.ജെ.പി. ഇത്തരം അനാവശ്യ വിവാദങ്ങൾ അവഗണിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനാണ് പാർട്ടിയുടെ തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന പ്രധാന ഭാരവാഹികളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

​ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ അനാവശ്യമാണെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ യോഗത്തിൽ പറഞ്ഞു. ബി.ജെ.പിയുടെ മുന്നേറ്റത്തെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണിതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫണ്ട് ക്രമക്കേട് വാർത്തകൾ മാധ്യമങ്ങളിലൂടെ നിരന്തരം പ്രചരിക്കുന്നതിൽ നേതൃത്വം അതൃപ്തി രേഖപ്പെടുത്തി. ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും, ആരോപണവിധേയരായ നേതാക്കൾക്ക് സ്വന്തം നിലയ്ക്ക് നിയമനടപടി സ്വീകരിക്കാൻ പാർട്ടി സഹായം നൽകുമെന്നും രാജീവ് ചന്ദ്രശേഖർ ഉറപ്പുനൽകി.

​യോഗത്തിൽ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യമായ ചർച്ചകൾ ഉണ്ടായില്ല. അധ്യക്ഷൻ കാര്യങ്ങൾ വിശദീകരിക്കുക മാത്രമാണ് ചെയ്തത്. ഇനി ഈ വിഷയം ചർച്ച ചെയ്യേണ്ടതില്ലെന്ന കർശന നിർദേശവും നേതൃത്വം നൽകി. കോർ കമ്മിറ്റിയും നേതൃയോഗവും വിളിച്ച് വിഷയം ചർച്ച ചെയ്യണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യവും തള്ളി.

​ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ‘മിഷൻ 29’ എന്ന പേരിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് ബി.ജെ.പിയുടെ തീരുമാനം. സ്ഥാനാർഥികളെയും മണ്ഡല ചുമതലക്കാരെയും നേരത്തെ തന്നെ പ്രഖ്യാപിച്ച് പ്രചാരണം ശക്തമാക്കും. ലോക്‌സഭാ സീറ്റുകളുടെ എണ്ണം 20 ആണെങ്കിൽ, നാല് സീറ്റുകളിലെങ്കിലും വിജയിക്കണമെന്നാണ് നിർദേശം. നിലവിലുള്ള തൃശൂർ സീറ്റ് നിലനിർത്തുന്നതിന് പുറമെ തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട എന്നീ മണ്ഡലങ്ങളിലാണ് പാർട്ടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

​തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ, ആറ്റിങ്ങലിൽ കെ. സുരേന്ദ്രൻ, തൃശൂരിൽ സുരേഷ് ഗോപി, പത്തനംതിട്ടയിൽ അനൂപ് ആന്റണി എന്നിവരെ സ്ഥാനാർഥികളാക്കാനാണ് പ്രഥമ പരിഗണന.

s
ന്യൂസ് ഡെസ്ക്
View all posts →