Wednesday, 9 September 2026
‘Honest storytelling is a powerful means of change
07:50:14 AM IST
National

‘ശുദ്ധമായ പെട്രോൾ നിങ്ങളുടെ അച്ഛന്റെ വീട്ടിൽ നിന്ന് വരുമോ?’; ഇ20 പദ്ധതിയെ വിമർശിക്കുന്നവർക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി എംപി

Meghna Dasan 10 August 2026, 10:15 am
SHARE

പെട്രോളിൽ എഥനോൾ ചേർക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഇ20 പദ്ധതിയെ എതിർക്കുന്നവർക്കെതിരെ അധിക്ഷേപവുമായി റേവയിൽ നിന്നുള്ള ബിജെപി എംപി ജനാർദ്ദൻ മിശ്ര. ‘ശുദ്ധമായ പെട്രോൾ നിങ്ങളുടെ പിതാവിന്റെ വീട്ടിൽനിന്ന് വരുമോ?’ എന്നായിരുന്നു പ്രതിഷേധക്കാരോടുള്ള അദ്ദേഹത്തിന്റെ പരിഹാസം.

രാജ്യത്ത് ശുദ്ധമായ പെട്രോൾ ലഭ്യമല്ലെങ്കിൽ അത് എവിടെനിന്നാണ് ലഭിക്കുകയെന്നും ബദൽ ഇന്ധനങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിച്ചില്ലെങ്കിൽ ഭാവിയിൽ പെട്രോളും ഡീസലും എവിടെനിന്ന് ലഭിക്കുമെന്നും മിശ്ര ചോദിച്ചു. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നതെന്ന് എംപി ചൂണ്ടിക്കാട്ടി.

രാജ്യത്ത് ഉത്പാദിപ്പിക്കുന്നത് ആകെ 20 ശതമാനം മാത്രമാണ്. നിലവിലെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ എണ്ണ ടാങ്കറുകൾക്ക് പലപ്പോഴും 18,000 കിലോമീറ്റർ വരെ അധികദൂരം സഞ്ചരിക്കേണ്ടിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുന്നതെന്നും മിശ്ര വ്യക്തമാക്കി.

ലോകത്ത് ഏറ്റവും കൂടുതൽ എഥനോൾ ഉത്പാദിപ്പിക്കുന്ന രാജ്യമായ ബ്രസീലിൽ വാഹനങ്ങൾ 100 ശതമാനം എഥനോൾ ഉപയോഗിച്ച് ഓടുന്നുണ്ടെന്നും ഇന്ത്യൻ വാഹനങ്ങൾക്കും ഇതിന് പ്രാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.

എഥനോൾ മിശ്രിതം ഉപയോഗിക്കുന്നത് വാഹനങ്ങളുടെ എൻജിന് തകരാറുണ്ടാക്കില്ലെന്ന് വിദഗ്ധർ കണ്ടെത്തിയിട്ടുണ്ടെന്നും അതിനാൽ ഇതിനെതിരായ പ്രതിഷേധങ്ങൾ അനാവശ്യമാണെന്നും എംപി അവകാശപ്പെട്ടു. എഥനോൾ മിശ്രിതം ഉപയോഗിക്കുന്നതുകൊണ്ട് എൻജിൻ തുരുമ്പ് പിടിക്കുകയോ വാഹനത്തിന്റെ ആയുസ്സ് കുറയുകയോ ചെയ്യില്ലെന്ന് കേന്ദ്രസർക്കാരും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More
s
Meghna Dasan
View all posts →