രാജിക്കത്തിലെ ഭാഷ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ഒരാളുടേതല്ല, രക്തസാക്ഷിയുടേത് പോലെ തോന്നിപ്പിക്കാനാണ് പ്രധാന് ശ്രമിച്ചത്; പ്രഹ്ലാദ് ജോഷിയുടെ നിയമനം ക്രൂരതമാശയെന്ന് ബിജെപി നേതാവിന്റെ മകള്‍
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനത്തുനിന്നുള്ള ധര്‍മേന്ദ്ര പ്രധാന്റെ രാജിയേയും പ്രഹ്ലാദ് ജോഷിയുടെ നിയമനത്തേയും വിമര്‍ശിച്ച് യുപിയിലെ മുന്‍ ബിജെപി എംഎല്‍എ വിക്രം സിങ്ങിന്റെ മകളും സമൂഹമാധ്യമ ഇന്‍ഫ്ലുവന്‍സറുമായ യശസ്വിനി രാജെ സിങ്. പരീക്ഷാ അട്ടിമറികള്‍ക്കെതിരെ രാജ്യത്തുടനീളം നടന്ന ജെന്‍സീ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ പിന്തുണച്ച് യശസ്വിനി ആദ്യം മുതലെ രംഗത്തുണ്ടായിരുന്നു. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തെ പിന്തുണയ്ക്കുക മാത്രമല്ല പിതാവിന്റെ പാര്‍ട്ടിയുടെ രീതികളേയും ചോദ്യം ചെയ്ത് യശസ്വിനി പ്രക്ഷോഭ സമയത്തും ശേഷവും സോഷ്യല്‍ മീഡിയയില്‍ തന്റെ അഭിപ്രായം മറകൂടാതെ തുറന്നുകാട്ടി. താന്‍ ഇപ്പോള്‍ വീട്ടിലല്ല താമസമെന്നും കഴിഞ്ഞ മൂന്നര വര്‍ഷമായി ഇന്ത്യയിലുണ്ടെങ്കിലും ഒറ്റയ്ക്കാണു കഴിയുന്നതെന്നും വീട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഞാന്‍ ഒട്ടും പൊരുത്തപ്പെടാറില്ലെന്നും യശസ്വിനി വെട്ടിത്തുറന്നുപറയുന്നു. അതുകൊണ്ട് തനിക്ക് തന്റെ നിലപാടുകള്‍ കാപട്യമില്ലാതെ തുറന്നുപറയാന്‍ സാധിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സംഘടിപ്പിച്ച പ്രതിഷേധത്തിലും യശസ്വിനി പങ്കാളിയായിരുന്നു. ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയ്ക്കു നല്കിയ അഭിമുഖത്തില്‍ പ്രധാന്റെ രാജിയെ ഒരു നിര്‍ണായക വഴിത്തിരിവായി കാണുന്നത് തീര്‍ത്തും ദീര്‍ഘവീക്ഷണമില്ലാത്ത നടപടിയാണെന്നടക്കം വ്യക്തമാക്കി യശസ്വിനി തന്റെ നിലപാടുകള്‍ വ്യക്തമാക്കി.
ധര്‍മേന്ദ്ര പ്രധാന്റെ രാജി കത്തിലെ ഭാഷയെയും പുതിയ വിദ്യാഭ്യാസ മന്ത്രിയുടെ നിയമനത്തെയും രൂക്ഷമായാണ് യശസ്വിനി രാജെ സിങ് വിമര്‍ശിച്ചത്. ധര്‍മേന്ദ്ര പ്രധാന്റെ ‘രാജി കത്തിന്റെ ഭാഷ തന്നെ പശ്ചാത്താപം പ്രകടിപ്പിക്കുന്ന, ക്ഷമാപണം നടത്തുന്ന, ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഒരാളുടെ ഭാഷയേക്കാള്‍ ഒരു രക്തസാക്ഷിയുടെ ഭാഷയാണെന്ന് അവര്‍ പറഞ്ഞു. സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഒരാളുടേതല്ല. മറിച്ച് ഒരു രക്തസാക്ഷിയുടേതു പോലെ തോന്നിപ്പിക്കാനാണ് പ്രധാന് ശ്രമിച്ചതെന്നാണ് യശസ്വിനി ചൂണ്ടിക്കാട്ടുന്നത്. പ്രഹ്ലാദ് ജോഷി വിദ്യാഭ്യാസ മന്ത്രിയായി വന്നതിനെ ഒരു ബ്ലിക്ക് ജോക്ക് എന്നാണ് അവര്‍ ചൂണ്ടിക്കാണിച്ചത്.
ഇന്‍സ്റ്റഗ്രാം വഴിയുള്ള മീമുകളും നൂതനമായ സന്ദേശങ്ങളും അരാഷ്ട്രീയവാദികളായ യുവാക്കളെ പോലും സമരത്തിലേക്ക് ആകര്‍ഷിക്കാന്‍ സഹായിച്ചു. ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയായി നിയമിതനായിരിക്കുന്ന വ്യക്തിയെ നോക്കൂ. സത്യസന്ധമായി പറഞ്ഞാല്‍ ഇതൊരു വല്ലാത്ത ക്രൂരമായ തമാശയായിട്ടാണു തോന്നുന്നത്.
ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ സദറില്നിന്നുള്ള മുന്‍ ബിജെപി എംഎല്‍എയായ തന്റെ പിതാവുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ ഒഴിവാക്കാറുണ്ടെന്ന് യശസ്വിനി പറഞ്ഞു. 2024 ല്‍ സമാജ്വാദി പാര്‍ട്ടിയുടെ ചന്ദ്രപ്രകാശിനോടാണ് വിക്രം സിങ് പരാജയപ്പെട്ടത്.
”ഞാന്‍ ഇപ്പോള്‍ വീട്ടിലല്ല താമസം. കഴിഞ്ഞ മൂന്നര വര്‍ഷമായി ഇന്ത്യയിലുണ്ടെങ്കിലും ഒറ്റയ്ക്കാണു കഴിയുന്നത്. വീട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഞാന്‍ ഒട്ടും പൊരുത്തപ്പെടാറില്ല. വര്‍ഷങ്ങളായി ഫത്തേപൂര്‍ സദര്‍ സന്ദര്‍ശിച്ചിട്ടുമില്ല. അതുകൊണ്ട് എനിക്ക് എന്റെ നിലപാടുകള്‍ കാപട്യമില്ലാതെ തുറന്നുപറയാന്‍ സാധിക്കുന്നു” യശസ്വിനി പറഞ്ഞു.
‘ചുറുചുറുക്കുള്ള യുവനേതാവ്’; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി
‘ദിവസവും 20 മണിക്കൂറിലധികം ജോലി ചെയ്യും, പുലർച്ചെ 4 മണിക്ക് എല്ലാ വകുപ്പുകളിലേക്കും വിളിച്ച് എന്താണ് സംഭവിച്ചതെന്ന് ചോദിക്കും’: മന്ത്രി ആധവ് അർജുന