അഴകില്‍ കരിമ്പുലി, റോഡില്‍ കാട്ടുകുതിര; മുട്ടു വിറയ്ക്കുന്നത് പള്‍സറിന്; ഇത് യമഹയുടെ ഗെയിം ചെയ്ഞ്ചര്‍

അഴകില്‍ കരിമ്പുലി, റോഡില്‍ കാട്ടുകുതിര. യമഹയുടെ വിപണിയിലെത്തിയ പുതിയ അവതാരത്തിനെ ഈ പേരൊക്കെ പറഞ്ഞാണ് വിശേഷിപ്പിക്കുന്നത്. ഒറിജിനല്‍ പേര് എംടി 15. നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ശ്രേണിയില്‍ ഏറ്റവും വില കുറഞ്ഞ മോഡലെന്നും വേണമെങ്കില്‍ എംടി 15 നെ വിശേഷിപ്പിക്കാം.

155 സിസി എഞ്ചിനുമായെത്തുന്ന എംടി 15 യുവാക്കളെ മാത്രം ലക്ഷ്യമിട്ടാണ് വിപണിയിലെത്തുന്നത്. അതിന് വേണ്ട എല്ലാ ഡിസൈനിംഗ് ചേരുവകളും പുതിയ ബൈക്കില്‍ യമഹ ഒരുക്കിയിട്ടുണ്ട്. യമഹയുടെ തന്നെ സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയിലെ കുഞ്ഞനായ ആര്‍15 വി3.0യുമായി സാങ്കേതികമായി ഏറെ സമാനതകളുള്ള ബൈക്കാണിത്. 1.36 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂമില്‍ എംടി 15ന്റെ വില.

സാധാരണ ഇന്ത്യന്‍ വിപണിയിലെ ഇടത്തരം ബൈക്കുകളില്‍ ഇതുവരെ കാണാത്ത മുഖമാണ് യമഹ എംടി 15ന് നല്‍കിയിരിക്കുന്നത്. പുതുതായി ഡിസൈന്‍ ചെയ്ത ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, മറ്റ് മോഡലുകളില്‍ നല്‍കിയിട്ടില്ലാത്ത ഡിജിറ്റല്‍ ഇന്‍ട്രുമെന്റ് കണ്‍സോള്‍, മസ്‌കുലാര്‍ ഫ്യുവല്‍ ടാങ്ക്, സിംഗിള്‍ പീസ് സീറ്റ്, വീതി കുറഞ്ഞ പിന്‍ഭാഗം എന്നിവയാണ് കാഴ്ച്ചയില്‍ ഈ വാഹനത്തെ വ്യത്യസ്തമാക്കുന്നത്.

ഡിസൈനിലുള്ള വന്യത യുവാക്കളെ ആകര്‍ഷിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. മുന്നില്‍ ടെലിസ്‌കോപ്പിക്കും പിന്നില്‍ മോണോഷോക്ക് സസ്‌പെഷനുമാണ് എംടി 15ല്‍ ഒരുക്കിയിട്ടുള്ളത്. മുന്നില്‍ 267 എംഎം, പിന്നില്‍ 220ം എംഎം ഡിസ്‌ക് ബ്രേക്കിനൊപ്പം എബിഎസ് സുരക്ഷയും ഈ ബൈക്കില്‍ നല്‍കുന്നുണ്ട്. ആറ് സ്പീഡ് ഗിയര്‍ബോക്‌സില്‍ 155 സിസി സിംഗിള്‍ സിലണ്ടര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. ഇത് 19.3 ബിഎച്ച്പി പവറും 15 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Read more

ടിവിഎസ് അപ്പാഷെ ആര്‍ടിആര്‍ 200, കെടിഎം ഡ്യൂക്ക് 125, പള്‍സര്‍ എന്‍എസ് 200 തുടങ്ങിയ സൂപ്പര്‍ സ്റ്റാറുകളെയാണ് വിപണിയില്‍ യമഹയുടെ പുതിയ താരത്തിന് നേരിടേണ്ടി വരുന്നത്.