വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിലുള്ള 'ഐഎന്‍ഡി' വെറും ഭംഗിക്കല്ല, കാര്യമുണ്ട്

വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ ഐഎന്‍ഡി എഴുത്ത് ഇന്ന് സാധാരണമാണ്. ഈ എഴുത്ത് എന്തിന് വേണ്ടിയാണ് എന്നുള്ളത് പലര്‍ക്കും അജ്ഞാതമാണ്. ഇത് വെറും കാഴ്ച ഭംഗിക്കാണ് എന്നുള്ള തെറ്റിദ്ധാരണെയാവും പലര്‍ക്കുമുണ്ടാവുക. എന്നാല്‍ ഇത് വെറും കാഴ്ച ഭംഗിക്കുള്ളതല്ല. ഇത് പതിക്കുന്നതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ട്.

വാഹന നമ്പര്‍ പ്ലേറ്റുകളിലെ കൃത്രിമത്വം തടയുന്നതിന് വേണ്ടിയുള്ള അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളുടെ ഭാഗമാണ് ഈ ഐഎന്‍ഡി എഴുത്ത്. 2005 ലാണ് മോട്ടോര്‍വാഹന നിയമത്തില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളുമായി ബന്ധപ്പെട്ട ഭേദഗതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്. കറന്‍സി നോട്ടുകളിലെ രഹസ്യ സുരക്ഷാ ഫീച്ചറുകള്‍ക്ക് സമാനമായ സജ്ജീകരമാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളിലും ഉള്ളത്. അലൂമിനിയത്തില്‍ ഒരുങ്ങിയ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളെ ദുരുപയോഗം ചെയ്യാനോ ഇളക്കി മാറ്റാനോ സാധിക്കില്ല. അലൂമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയിലാണ് ഇതില്‍ അക്കങ്ങള്‍ എഴുതുന്നത്. നിര്‍മ്മാതാവിന്റെയും പരിശോധന ഏജന്‍സിയുടെയും വാഹനത്തിന്റെയും വിവരങ്ങള്‍ ലേസര്‍വിദ്യ ഉപയോഗിച്ച് കോഡുകളാല്‍ ഇത്തരം നമ്പര്‍ പ്ലേറ്റുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.

ഹോളോഗ്രാമിന് താഴെ ഇടത് വശം ചേര്‍ന്ന് ഇളം നീല നിറത്തിലാണ് ഇത്തരം നമ്പര്‍ പ്ലേറ്റുകളില്‍ ഐഎന്‍ഡി എന്ന് രേഖപ്പെടുത്തേണ്ടത്. അതത് സംസ്ഥാനങ്ങളിലെ മോട്ടോര്‍ വാഹനവകുപ്പാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളുടെ വിവരങ്ങള്‍ സൂക്ഷിക്കുക. എന്നാല്‍ ഇന്നത്തെ മിക്ക വാഹന നമ്പര്‍ പ്ലേറ്റുകളിലും ഈ നടപടികള്‍ പാലിക്കാതെ കേവലം കാഴ്ചഭംഗി ലക്ഷ്യമിട്ടാണ് ഐഎന്‍ഡി എന്ന് കുറിക്കുന്നത്. ഇത്തരത്തിലുള്ള വാഹനങ്ങളെ കണ്ടെത്തി പിഴ ചുമത്തുന്നതിന് മോട്ടോര്‍ വാഹന വകുപ്പിന് അധികാരമുണ്ട്.

Read more

2019 തോടെ കേരളത്തിലെ എല്ലാ വാഹനങ്ങളിലും അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കാനുള്ള നീക്കത്തിലാണ് മോട്ടെര്‍ വാഹന വകുപ്പ്. ആദ്യ ഘട്ടത്തില്‍ പുതിയ വാഹനങ്ങളില്‍ ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിക്കാനാണ് ഉദ്ദോശിക്കുന്നത്. അസം, ഗുജറാത്ത്, രാജസ്ഥാന്‍, ജമ്മു-കശ്മീര്‍, പശ്ചിമ ബംഗാള്‍, കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിലവിലുള്ളത്.