30 മിനിറ്റില്‍ 350 കിലോമീറ്റര്‍; എന്താണ് ഹൈപ്പർലൂപ്പ് ?

അര മണിക്കൂറിൽ 350 കിലോമീറ്റർ, വിമാനത്തേക്കാൾ ഇരട്ടി വേഗത്തിൽ യാത്ര, മിനിറ്റുകൾ കൊണ്ട് കിലോമീറ്ററുകൾ താണ്ടാനാകുന്ന ഹൈപ്പർലൂപ്പ് ഗതാഗത സംവിധാനം ഒടുവിൽ ഇന്ത്യയിലും യാഥാർഥ്യമാകാൻ പോവുകയാണ്. ഇതിനായി റെയിൽവേയുടെ സഹായത്തോടെ 422 മീറ്റർ നീളത്തിലുള്ള ഇന്ത്യയിലെ ആദ്യ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് ഒരുക്കിയിരിക്കുകയാണ് മദ്രാസ് ഐ.ഐ.ടി.

ഹൈപ്പർലൂപ്പ് ട്രാക്കിലൂടെ വെറും 30 മിനിറ്റിനുള്ളിൽ 350 കിലോമീറ്റർ യാത്ര ചെയ്യാൻ സാധിക്കും എന്നതാണ് പ്രതേകത. അതായത്, തിരുവനന്തപുരത്തു നിന്ന് കാസർഗോഡ് വരെ വെറും ഒരു മണിക്കൂറിനുള്ളിൽ എത്തിച്ചേരാൻ സാധിക്കും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ടെസ്റ്റ് ട്രാക്ക് ഒരുക്കിയെന്നുള്ള കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. രാജ്യത്ത് 410 മീറ്റർ ദൂരത്തിൽ ഹൈപ്പർലൂപ്പ് ട്രാക്ക് ടെസ്റ്റ് റൺ നടത്താൻ സജ്ജമായതായാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

ഇന്ത്യൻ റെയിൽവേയുടെ ധനസഹായത്തോടെയാണ് മദ്രാസ് ഐ.ഐ.ടി.യുടെ ഡിസ്‌കവറി കാംപസിലാണ് 422 മീറ്റർ നീളമുള്ള ട്രാക്ക് ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ ആദ്യ ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് എന്ന സവിശേഷത കൂടി ഈ ട്രാക്കിനുണ്ട്. മാഗ്‌നെറ്റിക് ലെവിറ്റേഷൻ എന്ന സാങ്കേതികവിദ്യയാണ് ഹൈപ്പർലൂപ്പിനു പിന്നിൽ. താഴ്ന്ന മർദത്തിലുള്ള ട്യൂബുകളിലൂടെ കാന്തികശക്തി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു രീതിയാണിത്.

വായുമർദ്ദം കുറഞ്ഞ ഒരു കുഴലിലൂടെ അതിവേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് ഹൈപ്പർലൂപ്പ്. വായു വലിച്ചെടുത്ത ശേഷം മർദ്ദം കുറഞ്ഞു നിൽക്കുന്ന ഈ കുഴലിൽ സ്റ്റീൽ ട്യൂബുകൾ സ്ഥാപിക്കും. പിന്നീട് കുറഞ്ഞ മർദ്ദത്തിലുള്ള വായു നിറഞ്ഞ ഈ കുഴലിലൂടെ കാന്തിക ബലത്തിന്റെ സഹായത്തോടെ യാത്രക്കാർക്കുള്ള പോഡ് തള്ളി നീക്കപ്പെടുന്നു. ട്രെയിനുകളിലെ ബോഗിക്ക് സമാനമായ ചെറിയ ക്യാപ്സ്യൂൾ രൂപത്തിലുള്ള വാഹനമാണ് പോഡ്.

ട്യൂബിന്റെ ഘർഷണ രഹിതമായ ചലനം മണിക്കൂറിൽ 1,200 കിലോമീറ്റർ വരെ സഞ്ചരിക്കാൻ പോഡിനെ സഹായിക്കും. എന്നാൽ ഇന്ത്യൻ റെയിൽവേയുടെ ഹൈപ്പർലൂപ്പ് സംവിധാനത്തിലെ പരമാവധി വേഗത മണിക്കൂറിൽ 600 കിലോമീറ്ററായിരിക്കും. ഇത് പിന്നീട് 1,200 കിലോമീറ്റർ വരെ ഉയർത്തിക്കൊണ്ടു വരിക എന്നതാണ് ലക്ഷ്യമിടുന്നത്. പരീക്ഷണ ഘട്ടത്തിൽ 100 കിലോമീറ്റർ വേഗതയാണ് ടെസ്റ്റ് ചെയ്യുന്നത്.

ഹൈപ്പർലൂപ്പ് ഗതാഗത സംവിധാനത്തിൽ കാപ്‌സ്യൂൾ ആകൃതിയിലുള്ള ട്രെയിൻ സർവീസായിരിക്കും ഉണ്ടാവുക. ഇതിലൂടെ ആളുകളെയും ചരക്കും വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാം എന്നുമാത്രമല്ല, ഊർജത്തിന്റെ ചെലവ് വളരെ കുറവുമായിരിക്കും. വിമാനത്തിനെക്കാൾ വേഗത്തിൽ സഞ്ചരിക്കാമെന്നതും വൈദ്യതി ഊർജമായി ഉപയോഗിക്കാൻ സാധിക്കുമെന്നതും ഹൈപ്പർലൂപ്പ് ഗതാഗത സംവിധാനത്തിന്റെ ഗുണമാണ്.

ദീഘദൂര യാത്രകൾക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുന്ന ഒരു അതിവേഗ ഗതാഗത സംവിധാനമായാണ് ഹൈപ്പർലൂപ്പിനെ വിശേഷിപ്പിക്കുന്നത്. ഹൈപ്പർലൂപ്പ് ഗതാഗത സംവിധാനത്തിൽ കൂട്ടയിടി പോലെയുള്ള അപകടങ്ങൾക്കുള്ള സാധ്യതയില്ലെന്നതാണ് മറ്റൊരു പ്രതേകത. കൂടാതെ പ്രതികൂല കാലാവസ്ഥയിലും യാത്ര ചെയ്യാനും സാധിക്കും.

ബുള്ളറ്റ് ട്രെയിനുകളെക്കാൾ വേഗത കൂടിയവയാണ് ഹൈപ്പർലൂപ്പ് ട്രെയിനുകൾ. ഇതിലൂടെ വിദൂരനഗരങ്ങളെ വരെ മിനിറ്റുകൾക്കുള്ളിൽ ബന്ധിപ്പിക്കാൻ സാധിക്കും. ആദ്യ ഹൈപ്പർലൂപ്പ് ട്രെയിൻ മുംബൈയിൽ നിന്ന് പൂണെയിലേക്ക് ആയിരിക്കും സഞ്ചരിക്കുക എന്നാണ് റിപോർട്ടുകൾ. തുടക്കത്തിൽ മണിക്കൂറിൽ 360 കിലോമീറ്ററായിരിക്കും വേഗതയെന്നാണ് റിപ്പോർട്ട്.

അതേ സമയം, വിമാനത്തിന്റെ നിരക്കുകൾക്ക് സമാനമായിരിക്കും ഹൈപ്പർ ലൂപ്പ് ട്രെയിൻ ടിക്കറ്റ് ചാർജ്ജ് വരിക. തുടർച്ചയായി യാത്ര ആസ്വദിക്കാം എന്നതാണ് ഹൈപ്പർലൂപ്പ് ട്രെയിനിന്റെ മറ്റൊരു പ്രത്യേകത. ഒരു പോഡിൽ ഒരേസമയം 24-28 ആളുകൾക്ക് സഞ്ചരിക്കാനാകും. 2013ൽ ഇലോൺ മസ്കാണ് ഹൈപ്പർലൂപ്പ് എന്ന ആശയം അവതരിപ്പിച്ചത്. രണ്ട് ഘട്ടമായിട്ടായിരിക്കും ഇന്ത്യയിൽ ഹൈപ്പർലൂപ്പ് പദ്ധതി നടപ്പാക്കുക.