ഫാമിലി സ്‌കൂട്ടർ ആണോ ലക്ഷ്യം? ആക്ടിവയാണോ ജൂപിറ്റർ ആണോ നല്ലത്?

ഇന്ത്യക്കാർക്കിടയിൽ ഗിയർലെസ് സ്‌കൂട്ടറുകളെ ജനകീയമാക്കിയ ഒരു സ്കൂട്ടറാണ് ഹോണ്ട ആക്ടീവ. എന്നാൽ ടിവിഎസ് ജുപിറ്റർ എന്ന മോഡൽ എത്തിയതോടെ ആക്ടീവയുടെ പ്രാധാന്യം കുറഞ്ഞുവരികയും ചെയ്തു. എതിരാളികൾ ഇല്ലാതെ പിടിച്ചു നിന്ന ആക്‌ടിവക്ക് ജുപിറ്റർ എത്തിയത് ഒരു തിരിച്ചടിയായി. ഇതോടെ പുതിയൊരു സ്കൂട്ടർ വാങ്ങാൻ തീരുമാനിക്കുന്നവരുടെ ലിസ്റ്റിലേക്ക് ജൂപിറ്ററിനെയും പരിഗണിച്ചു തുടങ്ങി.

ഓരോ മാസവും ലക്ഷക്കണക്കിന് ആളുകളാണ് ജുപിറ്റർ വാങ്ങാൻ ടിവിഎസിന്റെ ഷോറൂമിൽ എത്തികൊണ്ടിരുന്നത്. ഇന്നും ഈ കണക്കുകൾ ഇങ്ങനെതന്നെ കമ്പനി നിലനിർത്തുന്നുമുണ്ട്. ഇതിനിടെ പുത്തൻലുക്കിൽ രം​ഗത്തെത്തിയിരിക്കുകയാണ് പുതിയ ജുപ്പിറ്റ‍ർ. ആക്ടിവയെ പിന്നിലാകുന്ന വിലനിർണയം കൂടിയായപ്പോൾ ജുപിറ്റർ ഏവരുടെയും മനസിൽ കയറികൂടിയിരിക്കുകയാണ്. അടിമുടി മാറ്റിയ രൂപം തന്നെയാണ് പുതിയ ജുപ്പിറ്ററിന്റെ പ്രധാന ആകർഷണം. ഇതോടൊപ്പം മോ‍ഡേൺ ഫീച്ചറുകളും ഉൾപ്പെടുത്തിയതോടെ നൽകുന്ന പണത്തിനുള്ള മൂല്യവും വാഹനം തരുമെന്ന് ഉറപ്പായി. എന്നിരുന്നാലും ഹോണ്ട ആക്ടിവയെ പിന്നിലാക്കാൻ ജൂപിറ്ററിന് കഴിയുമോ എന്നതാണ് എല്ലാവരുടെയും സംശയം. മൊത്തത്തിൽ നോക്കുമ്പോൾ രണ്ട് മോഡലുകൾക്കും അതിന്റേതായ ഗുണങ്ങളുണ്ട്.

പുതുതായി പുറത്തിറക്കിയ ജുപ്പിറ്ററിന് 113 സിസി 4-സ്ട്രോക്ക്, ഫ്യുവൽ-ഇഞ്ചക്‌റ്റഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് മുൻ മോഡലിൽ ഉപയോഗിച്ചിരുന്ന 109 സിസിയെക്കാൾ അല്പം കൂടുതൽ മികച്ചതാണ്. ഈ എഞ്ചിൻ കമ്പനിയുടെ പുതിയ iGO അസിസ്റ്റിനൊപ്പം വരുന്നതിനാൽ കാര്യക്ഷമതയിലും പെർഫോമൻസിലും മികച്ചതാണ്. 7.9 ബിഎച്ച്പി പവറിൽ 9.8 എൻഎം ടോർക്ക് വരെ നൽകാൻ എഞ്ചിന് സാധിക്കും. പരമാവധി വേഗത മണിക്കൂറിൽ 82 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

മറുവശത്ത് ഹോണ്ട ആക്‌ടിവ 6G സ്‌കൂട്ടറിന് 7.7 ബിഎച്ച്പി കരുത്തിൽ പരമാവധി 8.9 എൻഎം ടോർക്ക് വരെ ഉത്പാദിപ്പിക്കുന്ന 110 സിസി ശേഷിയുള്ള ഫ്യുവൽ-ഇഞ്ചക്റ്റഡ് എഞ്ചിനാണ് ലഭിക്കുന്നത്. രണ്ട് സ്‌കൂട്ടറുകൾക്കും ഏകദേശം 105 കിലോഗ്രാം ഭാരമുണ്ട്. എഞ്ചിൻ വശം നോക്കുമ്പോൾ ജാപ്പനീസ് ടെക്നോളജി ഉപയോഗിച്ചിരിക്കുന്ന ആക്ടിവയാണ് കൂടുതൽ റിഫൈൻമെന്റുള്ളതായി തോന്നുന്നത്.

പുതിയ മോഡലിന് മുമ്പ് പുറത്തിറങ്ങിയിരുന്ന ടിവിഎസ് ജുപ്പിറ്ററിന് ലിറ്ററിന് 50 കി.മീ മൈലേജായിരുന്നു കമ്പനി വാഗ്‌ദാനം ചെയ്‌തിരുന്നത്. എന്നാൽ ഇത്തവണ ഇലക്ട്രിക് അസിസ്റ്റ് ടെക് ഉപയോഗിച്ച് ഇത് 10 ശതമാനം മൈലേജ് വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്. അതേസമയം മറുവശത്ത് ഹോണ്ട ആക്ടിവയ്ക്ക് ലിറ്ററിന് 50 കിലോമീറ്റർ മൈലേജാണ് ലഭിക്കുന്നത്.

പുതിയ ഡിജിറ്റൽ ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഡിസ്റ്റൻസ് ടു എംറ്റി, സൈഡ് സ്റ്റാൻഡ് കട്ട് ഓഫ്, ഓട്ടോ സ്റ്റാർട്ട്-സ്റ്റോപ്പ്, രണ്ട് ഹെൽമെറ്റുകൾക്ക് മതിയായ അണ്ടർ സീറ്റ് സ്റ്റോറേജ്, ഓട്ടോമാറ്റിക് ടേൺ സിഗ്നൽ ഡിആക്ടിവേഷൻ എന്നിവയെല്ലാം പുതിയ ജൂപിറ്ററിന് ലഭിക്കുന്നുണ്ട്. കൂടാതെ, എൽഇഡി ലൈറ്റിംഗ്, ടിവിഎസ് സ്മാർട്ട് കണക്ട് നാവിഗേഷൻ, ഫൈൻഡ് മൈ സ്‌കൂട്ടർ, ലൈവ് മൈലേജ്, വോയ്‌സ് അസിസ്റ്റ്, മറ്റ് ന്യൂ-ജെൻ ഫീച്ചറുകൾ എന്നിവയും പുതിയ മോഡലിൽ ഉണ്ട്.

നിലവിലെ ആക്‌ടിവയിൽ ഹോണ്ട H-സ്മാർട്ട് വേരിയൻ്റിലെ സ്‌മാർട്ട് കീ, കീലെസ് സ്റ്റാർട്ട്, എൽഇഡി ഹെഡ്‌ലാമ്പുകൾ തുടങ്ങിയ ഫീച്ചറുകളാണ് ഉള്ളത്. മോഡലിന് സീറ്റിനടിയിൽ ഒരൊറ്റ ഹെൽമെറ്റിന് ആവശ്യമായ സ്‌റ്റോറേജ് മാത്രമേ ലഭിക്കൂ. ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിന് പകരം സാധാരണ അനലോഗ് ക്ലസ്റ്റർ തന്നെയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറിലുള്ളത്. സ്റ്റോറേജ് സ്പേസിലായാലും ഫീച്ചറുകളുടെ കാര്യത്തിലായാലും ടിവിഎസ് ജുപ്പിറ്റർ തന്നെയാണ് ഇക്കൂട്ടത്തിൽ കേമൻ.

രണ്ട് മോഡലുകളും തമ്മിൽ വലിയ വ്യത്യാസമില്ലെങ്കിലും ചെറിയ വ്യത്യാസത്തിൽ ടിവിഎസിനാണ് മേൽകൈയുള്ളത്. 2024 ജുപ്പിറ്ററിന് 73,700 രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം ആക്‌ടിവയ്ക്ക് 76,684 രൂപ മുതൽ 82,684 രൂപ വരെയും മുടക്കേണ്ടി വന്നേക്കാം.