നിങ്ങളുടെ കാറിന് മൈലേജ് കൂട്ടണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അടിക്കടി വര്‍ധിച്ചു വരുന്ന ഇന്ധന വില വിപണിയിലെ മൈലേജ് സങ്കല്പ്പങ്ങള്‍ക്ക് മേല്‍ വന്‍ സ്വാധീനമാണ് ചെലുത്തുന്നത്. ഇനി മൈലേജ് നോക്കി വാഹനം വാങ്ങിയിട്ട് അര്‍ഹിക്കുന്ന ഇന്ധനക്ഷമത കിട്ടിയില്ലെങ്കില്‍ അത് ഉയര്‍ത്താനുള്ള തന്ത്രപ്പാടാവും പിന്നീട്. അതിനായി ഇന്ന പെട്രോള്‍-ഡീസല്‍ ഉപയോഗിച്ചും, ഇന്ന സര്‍വ്വീസ് സെന്ററില്‍ കാണിച്ചും ഭാഗ്യപരീക്ഷണത്തിന് മുതിരാറുണ്ട്. എന്നാല്‍ മൈലേജ് കൂട്ടാനായി പലരും പിന്തുടരുന്ന തെറ്റായ കാര്യങ്ങള്‍ പലപ്പോഴും എഞ്ചിന് തകരാറിലേക്കാകും കൊണ്ടു ചെന്നെത്തിക്കുക. അതത് കമ്പനികള്‍ വാഗ്ദാനമ ചെയ്യുന്ന മൈലേജ് ശാസ്ത്രീയമായി നമുക്ക് നേടിയെടുക്കാനാവും.

വാഹനത്തിന്റെ വേഗത

വാഹനം അമിത വേഗത്തില്‍ പായിച്ചാല്‍ ഇന്ധനക്ഷമത കൂടുമെന്നത് തെറ്റായ ചിന്താഗതിയാണ്. 80-90 കിലോമീറ്റര്‍ മുകളിലാണ് കാര്‍ നീങ്ങുന്നതെങ്കില്‍ മൈലേജ് കുറയും.മണിക്കൂറില്‍ 60-80 കിലോമീറ്ററുകള്‍ക്കുള്ളിലാണ് മികച്ച ഇന്ധനക്ഷമത ലഭിക്കുന്നത്. സ്മൂത്തായി കൈകാര്യം ചെയ്യുക. ആക്‌സിലറേഷനും ഗിയര്‍ ഷിഫ്റ്റും സ്മൂത്തായി കൈകാര്യം ചെയ്യുന്നത് വാഹനത്തിന്റെ മൈലേജ് ഉയര്‍ത്തും. സഡന്‍ ബ്രേക്കുകളുടെ ഉപയോഗം കൂടുന്നത് ഇന്ധനക്ഷമത കുറയ്ക്കും. ട്രാഫിക്കില്‍ റെഡ് ലൈറ്റ് അകലെ നിന്ന് കാണുകയാണെങ്കില്‍ കാറിന്റെ വേഗത പതുക്കെ കുറച്ചുകൊണ്ടുവരിക.

കൃത്യമായ ഗിയര്‍ ചേഞ്ച്

ഉയര്‍ന്ന ഗിയര്‍ നിലകളില്‍ നിന്ന് വാഹനത്തിന്റെ മൈലേജ് കണക്കിലെടുത്ത് ഗിയര്‍ ഡൗണ്‍ ചെയ്യാന്‍ മടിക്കുന്നവരണ്ട്. വലിയ സ്പീഡ് ബ്രേക്കറുകളോ കുന്നുകളോ വരുമ്പോഴും ഉയര്‍ന്ന ഗിയറില്‍ നിന്ന് ഡൗണ്‍ഷിഫ്റ്റ് ചെയ്യാന്‍ ഇവര്‍ തയ്യാറാവില്ല. മൈലേജ് കൂടുമെന്ന വിശ്വാസത്തോടെ ചെയ്യുന്ന ഈ പ്രവര്‍ത്തി ശരിക്കും അബദ്ധമാണ്. ഉയര്‍ന്ന ഗിയര്‍നിലയില്‍ എന്‍ജിന് ടോര്‍ക് കുറവായിരിക്കുമെന്നതാണ് പ്രശ്‌നം. കയറ്റം കയറാന്‍ ഉയര്‍ന്ന ടോര്‍ക് ലഭിക്കുന്ന താഴ്ന്ന ഗിയര്‍നിലയിലേക്ക് മാറുകയാണ് ഗിയര്‍ബോക്‌സിനും മൈലേജിനും ഉത്തമം.

എഞ്ചിന്‍ ഓഫാക്കുക

മുപ്പത് സെക്കന്‍ഡിലധികം വാഹനം നിര്‍ത്തിയിടുകയാണെങ്കില്‍ എഞ്ചിന്‍ ഓഫ് ചെയ്യുന്നതാണ് ഉത്തമം. 30 സെക്കന്റില്‍ തഴെയാണെങ്കില്‍ എഞ്ചിന്‍ ഓഫാക്കാതിരിക്കുന്നതാണ് ഉത്തമം. കാരണം എന്‍ജിന്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ കൂടുതല്‍ ഇന്ധനം ആവശ്യമായി വരും.

എസി ഉപയോഗം

എസി ഉപയോഗം മൈലേജ് കുറയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. ധാരാളം വൈദ്യുതിയും ഇന്ധനവും ഇതിനുവേണ്ടി കത്തുന്നു. കാലാവസ്ഥ അനുയോജ്യമെങ്കില്‍ എസി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ക്ലൈമറ്റ് കണ്‍ട്രോള്‍ സന്നാഹമുള്ള കാറുകളിലാണെങ്കില്‍ “ലോ ബ്ലോവര്‍” മോഡില്‍ എസി പ്രവര്‍ത്തിപ്പിക്കുക. കാറിലെ താപനിലയുടെ സ്ഥിരതയ്ക്കായി വലിയ തോതില്‍ ശ്രമിക്കുകയില്ല എന്നതിനാല്‍ ഈ മോഡ് അധികം ഇന്ധനം ചെലവാക്കില്ല.

ടയര്‍ പ്രഷര്‍

കൃത്യമായ ടയര്‍ പ്രഷര്‍ സൂക്ഷിക്കുക എന്നത് പ്രധാനമാണ്. മൈലേജ് 3 ശതമാനം കണ്ടുയര്‍ത്താന്‍ ടയര്‍ പ്രഷറിന്റെ കൃത്യതയ്ക്ക് സാധിക്കും. ടയറുകളുടെ ഇലാസ്തികതയില്ലായ്മ മൂലം സംഭവിക്കുന്ന കൂടിയ റോളിംഗ് റെസിസ്റ്റന്‍സ് മൈലേജ് കുറയ്ക്കുന്ന ഒരു ഘടകമാണ്. കാറിന്റെ മൈലേജ് 1.5 ശതമാനം മുതല്‍ 4.5 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കുറഞ്ഞ റോളിംഗ് റസിസ്റ്റന്‍സുള്ള ടയറുകള്‍ക്ക് സാധിക്കും. അലോയ് വീലുകളോടു കൂടിയ പെര്‍ഫോമന്‍സ് ടയറുകളാണ് കാറിലുപയോഗിക്കുന്നതെങ്കില്‍ ദീര്‍ഘയാത്രകളില്‍ സാധാരണ ടയറുകളിലേക്ക് മാറുന്നത് നന്നായിരിക്കും. കുറഞ്ഞ റോളിംഗ് പ്രതിരോധമുള്ള ടയറുകള്‍ ബ്രേക്കിംഗിലും മറ്റും പ്രശ്‌നമുണ്ടാക്കുമെന്ന ആശങ്ക വേണ്ട. റോളിംഗ് പ്രതിരോധം കുറഞ്ഞ, ഉയര്‍ന്ന ഗുണനിലവാരമുള്ള ടയറുകള്‍ വിപണിയില്‍ ലഭ്യമാണ്.

കൃത്യമായ സര്‍വ്വീസിങ്ങ്

വാഹനങ്ങള്‍ നന്നായി പരിപാലിച്ചില്ലെങ്ങില്‍ അത് മൈലേജിനെ ബാധിക്കും. കൃത്യമായി സര്‍വ്വീസിങ്ങ് നടത്തുക. കാറിന്റെ എയര്‍ ഫില്‍റ്റര്‍, ഫ്യുവല്‍ ഫില്‍റ്റര്‍, സ്പാര്‍ക് പ്ലഗ്ഗുകള്‍ എന്നിവ കൃത്യമായ ഇടവേളകളില്‍ പരിശോധനയ്ക്ക് വിധേയമാക്കണം. കാറിന്റെ ഓക്‌സിജന്‍ സെന്‍സര്‍ ഓരോ 60,000 കിലോമീറ്റര്‍ കൂടുമ്പോഴും പരിശോധിക്കണം. എന്‍ജിനില്‍ വണ്ടത്ര ഓക്‌സിജന്‍ അനുപാതമുണ്ടോ എന്ന് പരിശോധിക്കുകയാണ് കാറിലെ ഓക്‌സിജന്‍ സെന്‍സര്‍ ചെയ്യുന്നത്. കൃത്യമായ അളവില്‍ ഓക്‌സിജനില്ലെങ്കില്‍ ഇന്ധനം പൂര്‍ണമായി കത്താതിരിക്കുകയും അത് കരിമ്പുകയായി പുറത്തെത്തുകയും ചെയ്യുന്നു. കത്താതെ പോകുന്ന ഇന്ധനം മൈലേജ് നഷ്ടം തന്നെയാണ്.

കാറിലെ അമിത ഭാരം

കാറില്‍ അമിത ഭാരം കയറ്റുന്ന ശീലമുണ്ടെങ്കില്‍ അത് കാറിന് ദോഷകരമാണ്.അമിത ഭാരം ഇന്ധനക്ഷമതയെ മാത്രമല്ല മറിച്ച് സസ്‌പെന്‍ഷന്‍, ബ്രേക്ക്, ഡ്രൈവ്‌ട്രെയിന്‍ എന്നീ ഘടകങ്ങളെയെല്ലാം ബാധിക്കും. ഭാരമേറിയ സാധനങ്ങള്‍ കാറിനകത്ത് കയറ്റുന്നത് കഴിവതും കുറയ്ക്കുക.

നിലവാരമുള്ള ഇന്ധനവും ല്യൂബ്രിക്കന്റുകളും ഉപയോഗിക്കുക

എന്‍ജിന്‍ കംപ്രഷന്‍ അനുപാതം അനുസരിച്ചുള്ള ഗുണനിലവാരമുള്ള ഇന്ധനവും നിലവാരമുള്ള ല്യൂബ്രിക്കന്റുകളും മാത്രം ഉപയോഗിക്കുക. ഉയര്‍ന്ന ഒക്ടേന്‍ നിരക്കുള്ള മീതേന്‍ പോലുള്ള ഇന്ധനങ്ങള്‍ റേസിംഗ് കാറുകളിലും മറ്റുമാണ് ഉപയോഗിക്കാറുള്ളത്. ഇവിടെ എന്‍ജിനില്‍ എയര്‍ കംപ്രഷനില്‍ തന്നെ ഇന്ധനത്തിന് തീപ്പിടിച്ച് കാര്‍ പറപറക്കുന്നു. നമ്മുടെ പക്കലുള്ള കാറുകള്‍ ഡ്രൈഗ് റേസിംഗ് കാറുകളല്ല. നിരത്തിലോടുന്ന കാറുകളില്‍ എന്‍ജിന്‍ കംപ്രഷന്‍ അനുപാതം തികച്ചും വ്യത്യസ്തമാണ്.

ഓട്ടോമാറ്റിക് കാര്‍, മാനുവലിലാക്കുക

മിക്ക ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളും ഒരു പ്രത്യേക സ്പീഡ് കൈവരിക്കുമ്പോഴാണ് അപ്ഷിഫ്റ്റ് ചെയ്യുന്നത്. ഇത് നിരത്തുകളില്‍ പലപ്പോഴും അബദ്ധമാണ്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിന് റോഡിന്റെ യഥാര്‍ത്ഥ സാഹചര്യം മനസ്സിലാക്കുവാനും കൃത്യമായ ടോര്‍ക് പുറത്തെടുക്കുന്ന ഗിയറിലേക്ക് മാറുവാനും കഴിയില്ല. ഇവിടെ
മാനുവല്‍ ഗിയറിലേക്കു മാറാനുള്ള സൗകര്യം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. കൃത്യമായ ഗിയര്‍ ഷിഫ്റ്റ് നടക്കുന്നതോടെ ഇന്ധനം അനാവശ്യമായി ചെലവാകുന്നത് കുറയുന്നു.

റിവേഴ്‌സ് പാര്‍ക്ക്

വാഹനം ഗാരേജിലിടുമ്പോള്‍ റിവേഴ്‌സെടുത്ത് പാര്‍ക്ക് ചെയ്യുന്നത് നന്നായിരിക്കും. അടുത്ത ദിവസം രാവിലെ എന്‍ജിന്‍ തണുത്തിരിക്കുമ്പോള്‍ റിവേഴ്‌സെടുക്കുമ്പോള്‍ അധിക ഇന്ധനം നഷ്ടം വരുന്ന സാഹചര്യം ഇതുവഴി ഒഴിവാക്കാം.