പറയുന്നതേ ചെയ്യൂ; ചെയ്യുന്നതേ പറയൂ: അതാണ് ടാറ്റ

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ ചെറു എസ് യുവികള്‍ ചൂടപ്പമായപ്പോള്‍ മുതല്‍ തുടങ്ങിയതാണ് വിപണിയിലെ വമ്പന്‍ മത്സരം. മാരുതിയും, ഹ്യൂണ്ടായും ഇക്കാര്യത്തില്‍ ഏറെ മുമ്പിലാണെങ്കിലും അമേിരിക്കന്‍ വമ്പന്മാരായ ജീപ്പ് തങ്ങളുടെ കോംപസും കൊണ്ട് ഇന്ത്യയില്‍ വന്നത് ഇന്ത്യന്‍ വിപണിയിലെ ചെറു എസ് യുവി കളി കണ്ടിട്ടാണ്. സംഭവം ഉഷാറായിരുന്നു. കുറഞ്ഞ വിലയില്‍ ജീപ്പെന്ന സ്വപ്‌നം ജീപ്പും സ്വപ്‌നം കണ്ടു നടന്നിരുന്നവര്‍ക്ക് കിട്ടി.

അങ്ങനെ വരുത്തന്മാര്‍ മാത്രം ഓട്ടോമൊബൈല്‍ വിപണിയിലെ അക്ഷയപാത്രം പങ്കുവെക്കേണ്ടെന്ന് ടാറ്റ മുമ്പേ വിചാരിച്ചതാണ്. അത് പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. അതായത്, ചെറു എസ് യുവി തങ്ങളും കളി പഠിക്കാനും പഠിപ്പിക്കാനും എത്തുന്നുവെന്ന്. പറഞ്ഞത് ശരിയാകാന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഹ്യൂണ്ടായ് ക്രെറ്റയെയും, ജീപ്പ് കോംപസിനെയും, വിറ്റാര ബ്രസെയയും ഒക്കെ വെല്ലുവിളിക്കാന്‍ ഇന്ത്യക്കാരുടെ സ്വന്തം ടാറ്റയും പുതിയ എസ് യുവിയുമായി എത്തുന്നു.

ജീപ്പ് കോംപസിന് ഒത്ത എതിരാളി അതാവും ടാറ്റയുടെ അണിയറയില്‍ ഒരുങ്ങുന്ന പുതിയ എസ്‌യുവി എച്ച് 5. പുതിയ മോഡലിനെ ഫെബ്രുവരിയില്‍ നടക്കുന്ന ഒട്ടോ എസ്‌പോയില്‍ ടാറ്റാ അവതരിപ്പിക്കുമെന്നാണ് വിവരം. ഓട്ടോ എക്സ്പോയ്ക്ക് നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ കാര്‍ പ്രേമികളുടെ ശ്രദ്ധ ഒന്നടങ്കം നേടാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ടാറ്റ.

അഞ്ചു സീറ്റര്‍, ഏഴു സീറ്റര്‍ പരിവേഷങ്ങളില്‍ ടാറ്റയുടെ പുതിയ എസ്യുവി എത്തും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫിയറ്റില്‍ നിന്നുള്ള 2.0 ലിറ്റര്‍, ഫോര്‍-സിലിണ്ടര്‍ മള്‍ട്ടിജെറ്റ് II ഡീസല്‍ എഞ്ചിനിലാണ് പുത്തന്‍ ടാറ്റ എസ്യുവിയുടെ വരവ്. ജീപ് കോംപസിലും ഇതേ എഞ്ചിനാണ് ഒരുങ്ങുന്നത്. അതേസമയം ടാറ്റ എസ്യുവിയുടെ എഞ്ചിന്‍ ട്യൂണിംഗ് വ്യത്യസ്തമായിരിക്കും. അഞ്ചു സീറ്റര്‍ പതിപ്പില്‍ 140 ബിഎച്ച്പി കരുത്തും ഏഴു സീറ്റര്‍ പതിപ്പില്‍ 170 ബിഎച്ച്പി കരുത്തും പരമാവധി ലഭിക്കുമെന്നാണ് സൂചന.

Read more

ടാറ്റയുടെ പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷയാകും വരവില്‍ പുതിയ എസ്യുവിയുടെ പ്രധാന ആകര്‍ഷണം. വലുപ്പമേറിയ കനത്ത ബോഡി ക്ലാഡിംഗ്, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ എസ്യുവിയില്‍ പ്രതീക്ഷിക്കാം. 13 ലക്ഷം രൂപ മുതലാകും അഞ്ചു സീറ്റര്‍ പരിവേഷത്തിലുള്ള ടാറ്റ എച്ച് 5 എസ്യുവിയുടെ പ്രൈസ് ടാഗ് ഒരുങ്ങുക. ഏഴു സീറ്റര്‍ പരിവേഷത്തില്‍ എത്തുന്ന എച്ച് 5 എസ്യുവിക്ക് 15 ലക്ഷം രൂപ പ്രൈസ് ടാഗ് ഒരുങ്ങാനാണ് സാധ്യത.