എസ്‌യുവി നിരയില്‍ ജീപ് കോംപസിനോട് മത്സരിക്കാന്‍ പുതിയ വാഹനവുമായി ടാറ്റാ

പുതിയ പ്രീമിയം എസ്‌യുവിയെ പുറത്തിറക്കാനുള്ള ശ്രമം നടത്തുന്നതിനിടെ മറ്റൊരു ഇടത്തരം എസ്‌യുവി കൂടി ടാറ്റയുടെ അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ക്യു 501 എന്ന് എന്ന കോഡ് നാമത്തിലുള്ള എസ്‌യുവിയെ 2018 അവസാനത്തോടെ ടാറ്റ അവതരിപ്പിക്കുമെന്നാണ് സൂചന. ടാറ്റ നിരയില്‍ നെക്സോണിനും ഹെക്സയ്ക്കും ഇടയിലെ വിടവ് നികത്തുകയാണ് പുതിയ ഇടത്തരം എസ്‌യുവി കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ടിന്റെ എല്‍ 550 അടിത്തറയിലാണ് പ്രീമിയം, ഇടത്തരം എസ്‌യുവികളെ ടാറ്റ ഒരുക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ, റെനോ ക്യാപ്ച്ചര്‍ എസ്‌യുവികള്‍ക്കുള്ള ടാറ്റയുടെ മറുപടിയാണ് ക്യു 501 എസ്‌യുവി നല്‍കുക. ഇരു എസ്‌യുവികളെയും അതീവ രഹസ്യമായാണ് ടാറ്റ വികസിപ്പിക്കുന്നതെങ്കിലും ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ഇവയുടെ ചിത്രങ്ങള്‍ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തിട്ടുണ്ട്.

ഫിയാറ്റില്‍ നിന്നുള്ള 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് II ഡീസല്‍ എഞ്ചിനാകും പുതിയ ടാറ്റ എസ്‌യുവികള്‍ക്ക് കരുത്ത് പകരുന്നത്. ജീപ് കോംപസിലും സമാനമായ എഞ്ചിനാണ് ഒരുങ്ങുന്നതെങ്കിലും റീട്യൂണ്‍ ചെയ്ത എഞ്ചിനാകും നല്‍കുക. 5 സീറ്റര്‍ എസ്‌യുവി 140 ബിഎച്ച്പി കരുത്തേകുമ്പോള്‍, 170 ബിഎച്ച്പി കരുത്താണ് 7 സീറ്റര്‍ എസ്‌യുവില്‍ ലഭിക്കുക. എഞ്ചിനില്‍ സമാനത പുലര്‍ത്തുന്നുണ്ടെങ്കിലും രണ്ട് എസ്‌യുവികളും തികച്ചും വ്യത്യസ്തമായാകും വിപണിയില്‍ എത്തുക.

Read more

ടിയാഗൊ, ടിഗോര്‍, ഹെക്സ, നെക്സോണ്‍ മോഡലുകള്‍ പിന്തുടരുന്ന ഇംപാക്ട് ഡിസൈന്‍ ഭാഷയില്‍ തന്നെയാകും പുതിയ എസ്‌യുവികളുടെ വരവെന്ന് സൂചനയുണ്ട്. ടാറ്റാ അടുത്തിടെ അവതരിപ്പിച്ച എസ്‌യുവി നെക്‌സോണ്‍ വിപണിയില്‍ നല്ല പേര് നേടുന്ന പശ്ചാത്തലത്തില്‍ പുതിയ രണ്ട് എസ് യു വികളുടെ വരവ് വിപണിയില്‍ വന്‍ മത്സരം സൃഷ്ടിക്കുമെന്ന് ഉറപ്പ്.