ചെറുകാറുകളുടെ ലോകത്ത് കുത്തക ഉറപ്പിക്കാന്‍ മാരുതി; ‘ആള്‍ട്ടോ’യുടെ ചേട്ടനായി ‘എസ്-പ്രെസ്സോ’ വരുന്നു

ചെറുകാറുകളുടെ ലോകത്ത് മത്സരം ശക്തമായിരിക്കുകയാണ്. ഈ ശ്രേണിയില്‍ റെനോ ക്വിഡും ടാറ്റാ ടിയാഗോയുമൊക്കെ കളംപിടിച്ച് തുടങ്ങിയിരിക്കുന്നതിനാല്‍ ആള്‍ട്ടോ കൊണ്ടുമാത്രം ഇനി പിടിച്ചുനില്‍പ്പ് സാധ്യമല്ലെന്ന നിഗമനത്തിലാണ് മാരുതി. അതിനാല്‍ പുതിയ മോഡലിറക്കി കുത്തക ഉറപ്പിക്കാനുള്ള നീക്കത്തിലാണ് മാരുതി. ‘എസ്-പ്രെസ്സോ’ എന്നു പേരുള്ള പുതിയ മോഡല്‍ അധികം വൈകാതെ മാരുതി വിപണിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

2018 ഓട്ടോ എക്‌സ്‌പോയില്‍ അണിനിരന്ന ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയുള്ള മാരുതിയുടെ പുതിയ ചെറു കാറാണ് ‘എസ്-പ്രെസ്സോ’. ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തുന്നിനാല്‍ ക്രോസ്ഓവര്‍ ഡിസൈനായിരിക്കും എസ്‌-പ്രെസ്സോ പിന്തുടരുക. യുവതലമുറയെ ആകര്‍ഷിക്കാനായി ഇഗ്‌നിസ് മാതൃകയില്‍ ഇരട്ടനിറമായിരിക്കും എസ്‌-പ്രെസ്സോയ്ക്ക് കമ്പനി നല്‍കുക.

പുതിയ മോഡല്‍ വാഗണ്‍ആറിലെ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും എസ്‌-പ്രെസ്സോയിക്കും. ഭാരത് സ്റ്റേജ് VI നിലവാരം എഞ്ചിന്‍ പുലര്‍ത്തും. എസ്‌-പ്രെസ്സോയ്ക്ക് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷന്‍ നല്‍കാനും കമ്പനി മുതിര്‍ന്നേക്കും. ആള്‍ട്ടോയ്ക്ക് പകരക്കാരനാവാം പുതിയ മോഡല്‍ എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.