ബുള്ളറ്റ് വികാരം കുറയുന്നോ; ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന തുടര്‍ച്ചയായി താഴോട്ട്

ഇന്ത്യയില്‍ തുടര്‍ച്ചയായി ആറാം മാസവും റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന ഇടിവ്. കഴിഞ്ഞമാസം റോയല്‍ എന്‍ഫീല്‍ഡ് 62,897 യൂണിറ്റുകള്‍ മാത്രമാണ് ആകെ വിറ്റത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 76,187 യൂണിറ്റുകള്‍ കമ്പനി വിറ്റിരുന്നു. ആഭ്യന്തര വില്‍പ്പനയില്‍ 21 ശതമാനമാണ് റോയല്‍ എന്‍ഫീല്‍ഡിന് സംഭവിച്ചിരിക്കുന്ന ഇടിവ്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് കമ്പനി ഏറ്റവുമൊടുവില്‍ വളര്‍ച്ച രേഖപ്പെടുത്തിയത്.

350 സിസി മോഡലുകളിലാണ് നിലവില്‍ റോയല്‍ എന്‍ഫീല്‍ഡ് പ്രതിസന്ധി നേരിടുന്നത്. അതേസമയം, ഇന്റര്‍സെപ്റ്റര്‍ 650 യുടെയും കോണ്‍ടിനന്റല്‍ ജിടി 650 യുടെയും വില്‍പ്പന കമ്പനിക്ക് ആശ്വാസം പകരുന്നതാണ്. ക്ലാസിക്ക്, ബുള്ളറ്റ്, തണ്ടര്‍ബേര്‍ഡ്, ഹിമാലയന്‍, ഇന്‍ര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകളാണ് ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ് നിരയിലുള്ളത്.

പുതിയ സുരക്ഷാ ചട്ടങ്ങള്‍ മാനിച്ച് ഒറ്റ ചാനല്‍ എബിഎസ് സുരക്ഷയില്‍ ബുള്ളറ്റ് 350, 350 ഇഎസ് മോഡലുകളെ ഏപ്രിലില്‍ കമ്പനി അവതരിപ്പിച്ചിരുന്നു. 1.21 ലക്ഷം രൂപയാണ് ബുള്ളറ്റ് 350 ക്ക് വില. ബുള്ളറ്റ് 350 ഇഎസിന് 1.35 ലക്ഷം രൂപയും. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പിടിമുറുക്കുന്ന സാഹചര്യം മുന്നില്‍ക്കണ്ട് പുതുതലമുറ ക്ലാസിക്ക്, തണ്ടര്‍ബേര്‍ഡ് മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ്.