ഇവി ലോകത്തേക്ക് മൂന്ന് വർഷം മുൻപാണ് ഓല അരങ്ങേറ്റം നടത്തിയത്. ഇന്ത്യക്കാരെകൊണ്ട് ബാറ്ററിയിൽ പ്രവർത്തിക്കുന്ന വൈദ്യുത സ്‌കൂട്ടർ വാങ്ങിപ്പിച്ച കമ്പനിയാണ് ഓല ഇലക്‌ട്രിക്. ഇന്ത്യയിൽ നിരവധി ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾ ഉണ്ടെങ്കിലും ഓല ഇലക്ട്രിക്കിനെ പോലെ മുന്നേറിയ ഒരു കമ്പനി വേറെ ഉണ്ടായിരിക്കില്ല.
സെഗ്‌മെന്റിൽ 50 ശതമാനം വിപണി വിഹിതം ലക്ഷ്യമിടുന്ന ഓല ഇലക്ട്രിക് ഇപ്പോൾ സുപ്രധാനമായ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഒരു കലണ്ടർ വർഷത്തിനുള്ളിൽ 3 ലക്ഷം യൂണിറ്റ് റീട്ടെയിൽ വിൽപ്പന നേടിയ ആദ്യ ഇവി നിർമ്മാതാവായി മാറിയിരിക്കുകയാണ് ഓല ഇലക്ട്രിക്. ലോക ഇവി ദിനമായ സെപ്റ്റംബർ ഒമ്പതിനാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി പുതിയ നേട്ടം കൈവരിച്ചത്.
കേന്ദ്ര സർക്കാറിന്റെ വാഹൻ പോർട്ടലിലെ റീട്ടെയിൽ വിൽപ്പന കണക്കുകൾ പ്രകാരം സെപ്റ്റംബർ പത്തിന് രാവിലെ 11 മണിയോടെ ഓല ഇലക്ട്രിക് മൊത്തം 3,04,393 യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകൾ വിതരണം ചെയ്തതായാണ് റിപ്പോർട്ട്. 2024 കലണ്ടർ വർഷം അവസാനിക്കാൻ ഇനിയും നാല് മാസം ബാക്കിയിരിക്കെ നടപ്പു വർഷം ഓല ഇലക്ട്രിക്ക് 4 ലക്ഷം യൂണിറ്റ് വിൽപ്പന മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2024 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ശരാശരി 37,220 യൂണിറ്റാണ് ഓല ഇലക്ട്രിക്കിന്റെ പ്രതിമാസ വിൽപ്പന. കമ്പനിക്ക് 41 ശതമാനം വിപണി വിഹിതം നേടാനായി. ഇന്ത്യയിൽ 1 ലക്ഷം, 2 ലക്ഷം, 3 ലക്ഷം യൂണിറ്റ് വിൽപ്പന എന്നിങ്ങനെ സുപ്രധാന നാഴികക്കല്ലുകൾ താണ്ടിയ ആദ്യത്തെ ഇലക്ട്രിക് ടു-വീലർ നിർമാതാക്കളാണ് ഓല ഇലക്ട്രിക്.
2023 കലണ്ടർ വർഷത്തിൽ ഓല 2,67,365 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 144 ശതമാനം വളർച്ചയാണ് ഓല നേടിയിരിക്കുന്നത്. ടിവിഎസ് ഐക്യൂബാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടർ. ഐക്യൂബിന്റെ 1,66,579 യൂണിറ്റാണ് ടിവിഎസ് വിറ്റത്. ടിവിഎസിനേക്കാൾ 1,00,786 യൂണിറ്റുകളുടെ ലീഡാണ് ഓല നേടിയത്.
2024 സെപ്റ്റംബർ ആദ്യം വരെ 3,04,393 യൂണിറ്റുകൾ വിറ്റ ഓല 2023 കലണ്ടർ വർഷത്തിനേക്കാൾ 37,028 യൂണിറ്റ് വോളിയം വർധന നേടി. ഇന്ത്യയിലെ ഇവി വിഭാഗം മൊത്തമെടുത്താൽ വിൽപ്പനയുടെ 57 ശതമാനം സംഭാവന ചെയ്യുന്നത് ഇലക്ട്രിക് ടൂവീലറുകളാണ്. ഈ കലണ്ടർ വർഷം ആദ്യമായി ഇലക്ട്രിക് ടൂവിലർ വിൽപ്പന 10 ലക്ഷം യൂണിറ്റ് വിൽപ്പന നാഴികക്കല്ല് പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വർഷം 9,48,444 യൂണിറ്റായിരുന്നു വിൽപ്പന. നിലവിൽ രണ്ട് ലക്ഷം യൂണിറ്റുകൾ കുറവുണ്ട്. ഡിസംബർ വരെയുള്ള കാലയളവിൽ മികച്ച വിൽപ്പന നേടാൻ കഴിഞ്ഞാൽ വൻവിജയമാകും. ഓല ഇലക്ട്രിക്കിനെ കൂടാതെ ടിവിഎസ്, ബജാജ് എന്നീ മുൻനിര നിർമാതാക്കളും ഈ കലണ്ടർ വർഷം ഇതുവരെ ലക്ഷം യൂണിറ്റ് വിൽപ്പന നാഴികക്കല്ല് പിന്നിട്ടു.