വിറ്റുപോകാത്ത വാഹനങ്ങള്‍ക്ക് വന്‍ ഓഫറുകളുമായി കാര്‍ കമ്പനികള്‍

വര്‍ഷാവസാനത്തില്‍ കാറുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍. മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്‌സ്, ഫോക്‌സ് വാഗണ്‍, ഓഡി എന്നീ വാഹന നിര്‍മ്മാതാക്കളാണ് ഡിസംബറില്‍ കാറുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  വാഹനങ്ങള്‍ക്ക് എക്‌സേഞ്ച് ബോണസും കാഷ് ഡിസ്‌കൗണ്ടും ഉള്‍പ്പെടെ 25000 രുപ മുതല്‍ 8.85 ലക്ഷം രുപ വരെയുള്ള ഓഫറുകളാണ് ഉള്ളത്.

തിരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്കുമാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. ടാറ്റയുടെ ഹാച്ച്ബാക്ക് മോഡലായ ടിയാഗോ 26,000 രൂപയും സ്റ്റൈല്‍ബാക്ക് ടിയാഗോക്ക് 32000 രൂപയുമാണ് ഡിസ്‌കൗണ്ട്. എസ് യു വി മോഡലായ ഹെക്‌സയ്ക്ക് 78,000 രൂപയും ടാറ്റയുടെ ഉയര്‍ന്ന മോഡലായ സഫാരി സ്റ്റോമിന് 1 ലക്ഷം രൂപവരെയുമാണ് ഡിസ്‌കൗണ്ട്.

മാരുതിയുടെ എഎംടി വേരിയന്റ് വിഭാഗങ്ങള്‍ക്ക് 4500 മുതല്‍ 55000 വരെയാണ് കുറവുള്ളത്. സിയാസ് പെട്രോള്‍ മോഡലിന് 70000 വും ഡീസല്‍ മോഡലിന് 85000 രൂപ വരെയുമാണ് കുറവുള്ളത്. അടുത്തിടെ പുറത്തിറങ്ങിയ ഇഗ്നിസിന് 40,000 രൂപ വരെയുള്ള ഡിസ്‌കൗണ്ടാണ് മാരുതി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇയോണ്‍ ഐ 10, ഐ 20, ഇലന്റ്രാ, എക്‌സെന്‍ന്റ് തുടങ്ങിയവയ്ക്കാണ് ഹ്യൂണ്ടായ് നിരക്ക് കുരച്ചിരിക്കുന്നത്. 55,000 വിലക്കിഴിവില്‍ കണ്‍സ്യൂമര്‍ ഓഫറും കൂടാതെ കോര്‍പ്പറേറ്റ് കസ്റ്റമറുകള്‍ക്കായി 2,000 രൂപയുടെ അധിക ഡിസ്‌കൗണ്ടുമാണ് ഹ്യുണ്ടായ് ഇയോണിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാന്റ് ഐ 10 പെട്രോള്‍,ഡീസല്‍ വേരിയന്റുകള്‍ക്ക് 75,000, 90,000 എന്ന നിരക്കില്‍ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്.

ജര്‍മ്മന്‍ വാഹന നിര്‍മ്മാതക്കളായ ഫോക്‌സ് വാഗണ്‍ വെന്റോയുടെ പ്രീമിയം സിഡാനില്‍ 1.1 ലക്ഷം രൂപയുടെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും ജനപ്രിയ മോഡലായ പോളോയ്ക്ക്  60,000 രൂപ വരെയാണ് ഡിസ്‌കൗണ്ട്.

ആഡംബര വാഹന നിര്‍മ്മാതാക്കളായ ഓഡി എ3, എ5, എ6 എന്നീ മോഡലുകള്‍ക്കും എസ് യു വി കൃൂ 3 ക്കുമാണ് ഡിസ്‌കൗണ്ട് നല്‍കിയിരിക്കുന്നത്. മൂന്ന് ലക്ഷം മുതല്‍ 8.85 ലക്ഷം വരെയാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.