ഏപ്രില്‍ മാസം ഒരൊറ്റ വാഹനം പോലും വില്‍ക്കാതെ മാരുതി സുസുക്കി

ഏപ്രില്‍ മാസത്തില്‍ ഒരൊറ്റ വാഹനം പോലും വില്‍ക്കാതെ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി. കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് 19 മൂലം രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിലാണിത്.

കോവിഡ് 19 മൂലം സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കമ്പനി നിര്‍ത്തിവെച്ചിരുന്നു. അതേസമയം, മുന്ദ്ര പോര്‍ട്ട് വഴി 632 വാഹനങ്ങള്‍ കയറ്റിയയച്ചതായി കമ്പനി അറിയിച്ചു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു ഇത്. മാര്‍ച്ചില്‍ 92,540 വാഹനങ്ങളാണ് മാരുതി നിര്‍മ്മിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലിത് 1,36,201 യുണിറ്റുകളായിരുന്നു.

കഴിഞ്ഞ മാസം മാരുതി സുസുക്കി ഇന്ത്യ ഉത്പാദനം 32.05 ശതമാനം കുറച്ചതായി കമ്പനി വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാരുതി സുസുക്കി ലാഭത്തില്‍ നാല് ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. നിലവില്‍ രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖല വലിയ പ്രതിസന്ധിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.