മാരുതിക്ക് 36 വയസ് ; ഇതുവരെ വിറ്റത് രണ്ട് കോടി കാറുകൾ, കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളിൽ ഒരു കോടി വാഹനങ്ങൾ വിറ്റു

 

ഇന്ത്യയിലെ പ്രമുഖ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഇന്ത്യൻ വിപണിയിൽ മൊത്തം 2 കോടി കാറുകൾ വിറ്റു. 2 കോടി വാഹനങ്ങൾ വിറ്റു പോവുക എന്ന നാഴികക്കല്ല് പിന്നിടുന്ന ഇന്ത്യയിലെ ഒരേയൊരു കമ്പനിയാണ് മാരുതി സുസുക്കി.

1983 ഡിസംബറിൽ ആദ്യത്തെ കാർ വിറ്റ മാരുതി 36 വർഷത്തിനുള്ളിൽ ഈ നാഴികക്കല്ല് നേടിയെടുത്തു. ഒരു കോടി വാഹന വിൽപ്പനയിലെത്താൻ 29 വർഷത്തോളമെടുത്തപ്പോൾ, അടുത്ത 1 കോടി വാഹനങ്ങൾ റെക്കോഡ് സമയത്ത് വെറും 8 വർഷത്തിനുള്ളിൽ വിറ്റു.

പുതിയ റെക്കോഡിൽ അമ്പരന്നതായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെനിചി അയുകാവ പറഞ്ഞു. ഈ നാഴികക്കല്ല് നേടുന്നത് മാരുതി സുസുക്കിക്കും ഞങ്ങളുടെ വിതരണക്കാർക്കും ഡീലർ പങ്കാളികൾക്കും ഒരു വലിയ നേട്ടമാണ്. ഉപയോക്താക്കൾ ഞങ്ങളിൽ അർപ്പിച്ച അപാരമായ വിശ്വാസത്തിനും ഞങ്ങളുടെ പങ്കാളികളുമായുള്ള ദീർഘകാല പങ്കാളിത്തത്തിനും സർക്കാർ നൽകുന്ന പിന്തുണയ്ക്കും ഞങ്ങൾ നന്ദിയുള്ളവരാണ്, കെനിചി അയുകാവ പറഞ്ഞു.

കാലങ്ങളായി മാരുതി സുസുക്കി ഇന്ത്യക്കാരുടെ യാത്രാ രീതിയെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. 1983 ഡിസംബർ 14- ന് ആദ്യത്തെ ഐതിഹാസിക മാരുതി 800 കാറിന്റെ വരവോടെയായിരുന്നു ഇതിന്റെ തുടക്കം, ഈ കാർ വളരെ ജനപ്രിയമായി തീർന്നു, ഇത് ജനങ്ങളുടെ കാർ എന്ന് അറിയപ്പെട്ടു.

നിലവിൽ ഏറ്റ് ബി‌എസ് 6-ആറാം എമിഷൻ മാനദണ്ഡം പാലിക്കുന്ന മോഡലുകൾക്ക് പുറമെ ഫാക്ടറി ഘടിപ്പിച്ച സി‌എൻ‌ജി വാഹനങ്ങളും സ്മാർട്ട് ഹൈബ്രിഡ് വാഹനങ്ങളും മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു. കമ്പനി അതിന്റെ മാതൃസ്ഥാപനമായ സുസുക്കി മോട്ടോർ കോർപ്പറേഷനുമായി ചേർന്ന് ഇന്ത്യൻ വിപണിയിൽ ഒരു ചെറിയ ഇവി (ഇലക്ട്രിക് വെഹിക്കിൾ) അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്.