എസ്‌യുവി നിരയിലെ വേഗരാജാവ് ലാംബോഗിനി ഉറൂസ് ഇന്ത്യയിലേക്ക്!

ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ലാംബോഗിനി ഇരുപത്തിയഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കാഴ്ചവച്ച പുതിയ ഉറൂസ് എസ്‌യുവി ഇന്ത്യയില്‍ എത്തുന്നതായി റിപ്പോര്‍ട്ട്. ലോകത്തിലെ എസ്‌യുവി നിരയിലെ ഏറ്റവും വേഗതയുള്ള വാഹനമാണ് ഉറൂസ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2018 ജനുവരി 11 ന് ലംബോര്‍ഗിനി ഉറൂസ് ഇന്ത്യയിലെത്തും.

ഈ മാസം നാലിനാണ് ഇറ്റലിയിലെ ബൊലോനയില്‍ വെച്ച് ഉറൂസ് എസ്‌യുവിയെ ലാംബോഗിനി അവതരിപ്പിച്ചത്. എല്‍എം 002 വിന് ശേഷം ലാംബോഗിനി അവതരിപ്പിച്ച രണ്ടാമത്തെ എസ്‌യുവിയാണ് ഉറൂസ്. ഔദ്യോഗിക അവതരണത്തിന് മുമ്പ് തന്നെ ഉറൂസ് എസ്‌യുവിയുടെ ബുക്കിംഗ് ലാംബോഗിനി ആരംഭിക്കുമെന്നാണ് സൂചന. പ്രതിവര്‍ഷം 7,000 ഉറൂസുകളെ വില്‍ക്കാനുള്ള നീക്കത്തിലാണ് ലാംബോഗിനി. ഇതിനായി എസ് യുവികള്‍ക്ക് പ്രചാരമേറുന്ന ഇന്ത്യന്‍ വിപണി ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

ടര്‍ബ്ബോ ചാര്‍ജ്ഡ് എഞ്ചിന്‍ ഉൾപ്പെടുത്തിയ ആദ്യ ലാംബോഗിനി മോഡലാണ് പുതിയ ഉറൂസ്. 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബ്ബോ വി 8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 641 ബിഎച്ച്പി കരുത്തും 850 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഉറൂസിലുള്ളത്. കേവലം 3.6 സെക്കന്‍ഡുകള്‍ കൊണ്ട് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഉറൂസിന് സാധിക്കുമെന്നാണ് ലാംബോഗിനിയുടെ വാദം. മണിക്കൂറില്‍ 306 കിലോമീറ്ററാണ് ഉറൂസ് എസ്‌യുവിയുടെ പരമാവധി വേഗത.