മാരുതിയുടെ മുറത്തില്‍ കയറി കൊത്താന്‍ ഹ്യുണ്ടായ്; വരുന്നത് വജ്രായുധം

മാരുതിയുടെ വിറ്റാര ബ്രെസ അരങ്ങുവാഴുന്ന കോംപാക്റ്റ് എസ്യുവി വിപണിയില്‍ കൊറിയന്‍ കമ്പനി ഹ്യുണ്ടായ് പുതിയ അവതാരത്തെ പുറത്തിറക്കുന്നു. ഈ സെഗ് മെന്റില്‍ വരുന്ന വമ്പന്‍ ഡിമാന്റാണ് ക്രെറ്റയ്ക്ക് പുറമെ മറ്റൊരു മോഡല്‍ കൂടി ഹ്യുണ്ടായ് പുറത്തിറക്കുന്നത്. അടുത്ത മാസം 17ന് ഇന്ത്യയില്‍ പുതിയ മോഡല്‍ അനാവരണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടകള്‍.

ന്യൂയോര്‍ക്ക് മോട്ടോര്‍ ഷോയില്‍ ആഗോള അരങ്ങേറ്റം നടക്കുന്ന അതേ സമയത്തുതന്നെയായിരിക്കും ഇന്ത്യയിലെ അനാവരണം. വെന്യൂ എന്നാണ് പുതിയ മോഡലിന്റെ പേര്. ഹ്യുണ്ടായുടെ ഏറ്റവും ചെറിയ എസ്യുവിയാകും ഇത്. മെയ് പകുതിയോടെ വെന്യൂ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കും.

ഡയമണ്ട് കട്ട് അലോയ് വീലുകളിലാണ് കോംപാക്റ്റ് എസ്യുവി വരുന്നത്. ഒരു ചെറിയ ക്രെറ്റയായിരിക്കും ഹ്യുണ്ടായ് വെന്യൂ. വാഹനത്തിന് അകത്ത് ഫീച്ചറുകള്‍ ധാരാളമായിരിക്കും. ടീസര്‍ വീഡിയോയില്‍ സണ്‍റൂഫ് കണ്ടിരുന്നു. സെഗ് മെന്റില്‍ ഇതാദ്യമായി വെന്റിലേറ്റഡ് സീറ്റുകളും നല്‍കിയേക്കും. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സഹിതം വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം കാണാന്‍ കഴിയും.

മൂന്ന് എന്‍ജിന്‍-ഗിയര്‍ബോക്സ് ഓപ്ഷനുകളിലായിരിക്കും വെന്യു വിപണിയിലെത്തുക. 100 എച്ച്പി കരുത്തുള്ള 1.4 ലിറ്റര്‍ പെട്രോള്‍, 90 എച്ച്പി കരുത്തുള്ള 1.4 ലിറ്റര്‍ ഡീസല്‍ എന്നിവ എന്‍ജിന്‍ ഓപ്ഷനുകളായിരിക്കും. രണ്ട് എന്‍ജിനുകളിലും 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനായിരിക്കും. 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനും 7 സ്പീഡ് ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനുമായും വെന്യു ഓട്ടോമാറ്റിക്കും പുറത്തിറക്കും. കോംപാക്റ്റ് എസ്യുവി സെഗ്മെന്റില്‍ ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ ലഭിക്കുന്ന ഒരേയൊരു കാറായിരിക്കും ഇത്‌