റോയല്‍ എന്‍ഫീല്‍ഡിനെതിരെ പുതിയ അവതാരം, ഹോണ്ട റെബല്‍ 300

മോജോയ്ക്കും ഡോമിനാറിനും ശേഷം റോയല്‍ എന്‍ഫീല്‍ഡിനെട് മത്സരിക്കാന്‍ ഹോണ്ട . എന്‍ട്രി-ലെവല്‍ ക്രൂയിസര്‍ ശ്രേണിയില്‍ റെബല്‍ 300, റെബല്‍ 500 മോട്ടോര്‍സൈക്കിളുകളുമായി ഇന്ത്യയില്‍ ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹോണ്ട. രാജ്യാന്തര വിപണികളില്‍ റെബല്‍ 300 നടത്തിക്കൊണ്ടിരിക്കുന്ന ജൈത്രയാത്രയുടെ പിന്‍ബലത്തിലാണ് മോട്ടോര്‍സൈക്കിളിനെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കുന്നത്.

2018 അവസാനത്തോടെയോ  2019 ആരംഭത്തോടെയോ ഹോണ്ട റെബല്‍ ഇന്ത്യയില്‍ എത്തുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി റെബല്‍ 300 ന്റെ പേറ്റന്റ് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ കരസ്ഥമാക്കിയതായി റിപ്പോര്‍ട്ട്. റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡിന് എതിരെയുള്ള ഹോണ്ടയുടെ ആയുധമാണ് റെബല്‍ 300. ഒപ്പം ബജാജ് അവഞ്ചര്‍ നിരയില്‍ നിന്നും കൂടുമാറാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെയും ഹോണ്ട റെബല്‍ 300 ലക്ഷ്യമിടുന്നുണ്ട്.

ലളിതമെങ്കിലും മനോഹരമായ ഡിസൈന്‍ ഭാഷയാണ് റെബല്‍ 300 ന്റെ പ്രധാന ആകര്‍ഷണം. ബൈക്കിന് ക്ലാസിക് മുഖഭാവമാണെങ്കിലും ആധുനികതയുടെ കാര്യത്തിലും പിന്നിലല്ല. ഈ ഗുണമേന്മയാകും എന്‍ഫീള്‍ഡിനോട് കൊമ്പു കോര്‍ക്കാന്‍ റെബല്‍ 300 ന് മുതല്‍ക്കൂട്ടാവുക.  അഴകാര്‍ന്ന ടാങ്ക് ഡിസൈന്‍, ക്രൂയിസര്‍-സ്‌റ്റൈലിലുള്ള ബക്കറ്റ് സീറ്റ് എന്നിവ റെബല്‍ 300 ന്റെ ഡിസൈന്‍ വിശേഷങ്ങളാണ്.

286 സിസി ലിക്വിഡ്-കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് റെബല്‍ 300 ഒരുങ്ങുന്നത്. 27 ബി എച്ച് പി കരുത്തും 26.9 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്സ്.

റെബല്‍ 300 ന്റെ വരവിന് ശേഷമാവും റെബല്‍ 500 നെ ഹോണ്ട ഇന്ത്യയില്‍ എത്തിക്കുക. 45 ബി എച്ച് പി കരുത്തേകുന്ന 471 സിസി പാരലല്‍-ട്വിന്‍ എഞ്ചിനാണ് റേബെല്‍ 500 ന്റെ പവര്‍പാക്ക്.
റെബല്‍ 300 ന് സമാനമായ ഡിസൈനിലാണ് റെബല്‍ 500 ഉം അണിനിരക്കുന്നത്. ഏകദേശം 2 ലക്ഷം രൂപ മുതല്‍ 2.3 ലക്ഷം രൂപ വരെയുള്ള പ്രൈസ് ടാഗിലാകും ഹോണ്ട റെബല്‍ 300 ഇന്ത്യയില്‍ എത്തുക.