പെട്രോളിന് പകരം കൊക്ക കോള ഒഴിച്ചാല്‍ ബൈക്ക് ഓടുമോ?; വൈറലായി വീഡിയോ

ബൈക്കുകള്‍ പെട്രോള്‍ ഇന്ധനമാക്കിയാണ് ഓടുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ഇലക്ട്രിക്കില്‍ ഓടുന്നവയും ഇക്കാലത്ത് വ്യാപകമായി ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ ഇതൊന്നുമല്ലാതെ കൊക്ക കോള ഒഴിച്ചാല്‍ ബൈക്ക് ഓടുമോ? ഓടില്ലായെന്ന് എല്ലാവര്‍ക്കും തന്നെ അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഓടില്ല എന്ന ചിന്തയെ അല്‍പ്പം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ .

ഒരു കുപ്പി കോള ഉപയോഗിച്ച് ഒരു സാധാരണ ബൈക്ക് ഓടിക്കാന്‍ കഴിയുമോ എന്നാണ് വീഡിയോയില്‍ കാണിക്കുന്നത്. പരീക്ഷണത്തിനായി ഒരു ഹീറോ ഹോണ്ട ഗ്ലാമര്‍ ബൈക്കാണ് ഉപയോഗിക്കുന്നത്. ആദ്യം തന്നെ ഇന്ധന ടാങ്ക് മുഴുവന്‍ ഇന്ധനവും ഊറ്റിയെടുത്തു. അതിന് ശേഷം ഒരു കുപ്പി കൊക്ക കോള ടാങ്കിലേക്ക് നിറച്ചു. തുടര്‍ന്ന് ബൈക്ക് സ്റ്റാര്‍ട്ട് ആകുന്നതും. കുറച്ച് ദൂരം ബൈക്ക് ഓടുന്നതും വീഡിയോയില്‍ കാണാം. 17 ലക്ഷത്തിനടുത്ത് കാഴ്ച്ചക്കാരാണ് ജൂണ്‍ 15 ന് പുറത്തിറങ്ങിയ ഈ വീഡിയോയ്ക്ക് യൂട്യൂബിലുള്ളത്.

വീഡിയോ കണ്ടിട്ട് കൊക്ക കോള ഒഴിച്ചാല്‍ ബൈക്ക് ഓടും എന്നു കരുതി വഞ്ചിതരാകരുത്. കൊക്ക കോള ഒഴിച്ച ബൈക്ക് പെട്ടെന്ന് സ്റ്റാര്‍ട്ട് ആയതും കുറച്ച് ദൂരം ഓടിയതുമെല്ലാം ടാങ്കില്‍ നിന്നും ഊറ്റിയതിന് ശേഷവും കാര്‍ബറേറ്ററില്‍ കിടന്ന പെട്രോള്‍ കൊണ്ടാണ്. അവശേഷിച്ച ആ പെട്രോള്‍ തീര്‍ന്ന് എഞ്ചിനിലേക്ക് കോള എത്തിയപ്പോഴേക്കും ബൈക്ക് നിന്നു. കാരണം കോള കംബസ്റ്റ് ചെയ്യാന്‍ സാധ്യമല്ല. ഇത്തരം വീഡിയോ കണ്ട് മണ്ടത്തരങ്ങള്‍ മുതിര്‍ന്നാല്‍ ബൈക്ക് തന്നെ നശിക്കും.