സാധാരണക്കാരെ വീണ്ടും 'സ്‌നേഹിച്ച്' ഹീറോ

ഹീറോയാണ് പേര്. തമിഴ് സിനിമയിലെ പോലെയുള്ള ഹീറോ. സാധാരണക്കാരെ സേവിക്കുകയാണ് മുഖ്യ തൊഴില്‍. അതില്‍ നിന്നും കിട്ടുന്ന ആയിരക്കണക്കിന് “ചില്ലറ കോടികള്‍” ആണ് ലാഭം. ഹോണ്ടക്കാരില്‍ നിന്നും വിട്ടു സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങിയെങ്കിലും സാധാരണക്കാരെ വിട്ടൊരു കളിക്കും ഹീറോ തയാറല്ല. അത് അന്നും ഇന്നും അങ്ങനെയാണ്. അതുകൊണ്ടാണല്ലോ, സ്‌പ്ലെന്‍ണ്ടറിന് ഇപ്പോള്‍ വില ചോദിച്ചാലും ഒരു ഇത്.

അങ്ങനെയിരിക്കെ, പുതിയ താരത്തെ എത്തിച്ചിരിക്കുകയാണ് ഹീറോ. 2018 ഹീറോ എച്ച്എഫ് ഡൊണ്‍ വിപണിയിലെത്തി. 37,400 രൂപയാണ് പുതിയ ഹീറോ എച്ച്എഫ് ഡൊണ്‍ കമ്മ്യൂട്ടര്‍ ബൈക്കിന്റെ വില. പ്രാരംഭ ഘട്ടത്തില്‍ ഒഡീഷയില്‍ മാത്രമാണ് ബൈക്കിനെ ഹീറോ ലഭ്യമാക്കിയിരിക്കുന്നത്. ഉടനിത് രാജ്യത്തെ മറ്റ് ഡീലര്‍ഷിപ്പുകളിലം എത്തിക്കും.

ഒരിട വേളയ്ക്ക് ശേഷമാണ് എച്ച്എഫ് ഡൊണിനെ ഹീറോ തിരികെ കൊണ്ടുവരുന്നത്. റെഡ്, ബ്ലാക്ക് എന്നീ രണ്ട് പുതിയ നിറഭേദങ്ങളിലാണ് ബൈക്ക് എത്തുക. കഴിഞ്ഞ വര്‍ഷം മെയില്‍ എച്ച്എഫ് ഡൊണിനെ ഹീറോ പിന്‍വലിച്ചിരുന്നു. ബിഎസ് IV മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു എച്ച്എഫ് ഡൊണിനെ ഹീറോ പിന്‍വലിച്ചത്.

പുതിയ ബിഎസ് IV എഞ്ചിനിലാണ് 2018 എച്ച്എഫ് ഡൊണിന്റെ ഒരുക്കം. 97.2സിസി, സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനില്‍ 4 സ്പീഡ് ഗിയര്‍ ബോക്‌സാണ് ഇടംപിടിക്കുന്നത്. 8 ബ്എച്ച്പി കരുത്തും 8 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. പഴയ സില്‍വര്‍-ക്രോമിന് പകരം ബ്ലാക്ഡ്-ഔട്ട് തീമാണ് ഘടകങ്ങള്‍ക്ക് ഹീറോ നല്‍കുന്നത്.

ബജറ്റ് പരിവേഷമുള്ളതിനാല്‍ കിക്ക്-സ്റ്റാര്‍ട്ട് സംവിധാനം പുതിയ എച്ച്എഫ് ഡൊണിലും ഇടംപിടിക്കുന്നില്ല. നിലവില്‍ ഡ്രം ബ്രേക്കുകള്‍ക്കും സ്പോക്ക് വീലുകള്‍ക്കും ഒപ്പമാണ് 2018 എച്ച്എഫ് ഡൊണ്‍ എത്തിയിരിക്കുന്നത്. ഭാവിയില്‍ ഇലക്ട്രിക് സ്റ്റാര്‍ട്ട്, ഡിസ്‌ക്, അലോയ് വീലുകള്‍ ഒരുങ്ങിയ എച്ച്എഫ് ഡൊണ്‍ വിപണിയില്‍ എത്തും. ബജാജ് സിടി100 ബി, ടിവിഎസ് സ്പോര്‍ട് എന്നിവരാണ് വിപണിയില്‍ 2018 ഹീറോ എച്ച്എഫ് ഡൊണിന്റെ എതിരാളികള്‍.